ന്യൂഡല്‍ഹി : വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വീട്ടമ്മ പൊലീസിന്റെ വലയിലായി. കാമുകനൊപ്പം ജീവിക്കാനാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. തെക്കന്‍ ഡല്‍ഹിയിലെ സരോജിനി നഗറിലായിരുന്നു സംഭവം. കൊല്ലപ്പെട്ട അമിത് കുമാര്‍ എന്നയാളുടെ ഭാര്യ ബര്കയാണ് അറസ്റ്റിലായത്. ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ബര്കയുടെയും കാമുകന്റെയും തീരുമാനം.
കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനാണ് അമിത് കുമാറിനെ കാണാനില്ലെന്ന് ബര്‍ക പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം എത്തിയതായും ഇവര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പരാതി നല്കിയ അതേ ദിവസം രാത്രിയില്‍ ബഹാദുര്‍ഗയില്‍ കാര്‍ കയറി മരിച്ചനിലയില്‍ അമിതിനെ പൊലീസ് കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബര്കയ്ക്കു വിട്ടുനല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ബര്‍കയുടെ പെരുമാറ്റത്തിലും മൊഴികളിലും പൊലീസിന് സംശയം തോന്നിയതോടെ അന്വേഷണം ആ വഴിക്കായി. കൂടുതല്‍ അന്വേഷണത്തില്‍ ബര്‍കയ്ക്ക് അമിതിന്റെ സുഹൃത്തായ സത്വീര് സിംഗ് എന്നയാളുമായി ബന്ധമുള്ളതായി കണ്ടെത്തി.
മൂന്നു വര്‍ഷം മുന്‍പാണ് സത്വീര് അമിതിനെ പരിചയപ്പെടുന്നത്. പിന്നീട് അമിതിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി സത്വീര്. അടുത്തിടെ സത്വീറുമായി ഭാര്യ പ്രണയത്തിലാണെന്ന വിവരം അമിത് അറിഞ്ഞു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ കലഹം പതിവാകുകയും ചെയ്തു. തുടര്‍ന്നാണ് കാമുകനുമായി ചേര്‍ന്ന് അമിതിനെ ഇല്ലാതാക്കാന്‍ ബര്‍ക തീരുമാനിച്ചത്. ഇരുവരുടെയും വിവാഹവാര്‍ഷിക ദിവസമാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ബര്‍ക തെരഞ്ഞെടുത്തത്.
സംഭവദിവസം ആഘോഷത്തിനിടെ അമിതിനെ സത്വീര് വിഷദ്രാവകം കുടിപ്പിച്ച് ബോധംകെടുത്തി. പിന്നീട് ബര്‍കയുടെ അമ്മ ഉഷയും സുഹൃത്ത് പ്രവീണും ചേര്‍ന്ന് അമിതിന്റെ തലയ്ക്കടിച്ചു. അബോധാവസ്ഥയിലായ അമിതിനെ സത്വീറിന്റെ കാറില്‍ കയറ്റി ബഹാദുര്‍ഗയില്‍ എത്തിച്ചു. ഇവിടെയെത്തിയ ശേഷം ബര്‍ക ഭര്‍ത്താവിനെ റോഡിലേക്ക് എറിഞ്ഞു. പിന്നീട് സത്വീറിന്റെ കാര്‍ അമിതിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കുയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
Post Your Comments