KeralaIndiaNews

ഡോ.ബൈജുവിന്റെ മരണം: രോഗിയുടെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കും

മൂവാറ്റുപുഴ: വിഷം കലര്‍ന്ന മരുന്നു രോഗിക്കു നല്‍കിയെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാന്‍ മരുന്നു സ്വയം കുടിച്ചതിനെത്തുടര്‍ന്നു ശരീരം തളര്‍ന്ന ഡോക്ടര്‍ മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിനു കേസെടുക്കും. റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. ബൈസണ്‍വാലി സ്വദേശി രാജപ്പനാണ് പ്രതി.

ഓര്‍മ നഷ്ടപ്പെട്ടു പൂര്‍ണമായി ശരീരം തളര്‍ന്ന് ഒന്‍പത് വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മൂവാറ്റുപുഴ പായിപ്ര പണ്ടിരിയില്‍ പി.എ.ബൈജു (45) ഇന്നലെയാണ് മരിച്ചത്. 2007 ജനുവരി 25നാണു ബൈജുവിന്റെ ജീവിതം തകര്‍ത്ത സംഭവമുണ്ടായത്. ഇടുക്കി ബൈസണ്‍വാലി സര്‍ക്കാര്‍ ആയുര്‍വേദ ക്ലിനിക്കിലെ ഡോക്ടറായിരുന്നു ബൈജു.ബൈസണ്‍വാലി കാര്യംകുന്നേല്‍ ശാന്ത ഡോ.ബൈജുവിന്റെ ചികില്‍സയിലായിരുന്നു. സന്ധിവാതം ബാധിച്ചു നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന ശാന്തയുടെ രോഗത്തിനു ബൈജുവിന്റെ ചികില്‍സകൊണ്ട് ഏറെ ശമനമുണ്ടായി.

ചികില്‍സയുടെ ഭാഗമായി ‘രസനപഞ്ചകം’ കഷായം കുടിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. കഷായം കഴിച്ച ശാന്ത അബോധാവസ്ഥയിലായെന്നും മരുന്നില്‍ വിഷം ചേര്‍ന്നതായും ആരോപിച്ചു ശാന്തയും ബന്ധുക്കളും ആശുപത്രിയിലെത്തി. മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാന്‍ ഡോ. ബൈജു അവരുടെ കൈവശമുണ്ടായിരുന്ന മരുന്നു വാങ്ങി കുടിച്ചു. ഉടനെ തളര്‍ന്നു വീണ ബൈജു പിന്നീട് സംസാരിച്ചിട്ടില്ല.

ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷത്തിന്റെ സാന്നിധ്യമാണു ബൈജുവിന്റെ രോഗാവസ്ഥയ്ക്കു കാരണമെന്നു പിന്നീട് തെളിഞ്ഞു. കഷായത്തില്‍ വിഷം കലര്‍ത്തിയതിനു ശാന്തയുടെ ഭര്‍ത്താവ് രാജപ്പന്‍ അറസ്റ്റിലായി. കുടുംബ കലഹത്തെത്തുടര്‍ന്ന് ഇയാള്‍ മരുന്നില്‍ വിഷം കലര്‍ത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ .ഇതേ തുടർന്നാണ് കേസെടുക്കാൻ പോലീസിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button