ന്യൂഡല്‍ഹി: സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെ ആരോപണവുമായി ബി.ജെ.പി. മതപ്രബോധകന്‍ സാക്കിര്‍ നായിക്കിന്റെ സന്നദ്ധസംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍നിന്ന് 2011-ല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 50 ലക്ഷം രൂപ സംഭാവനയായി കൈപ്പറ്റിയെന്നും സാക്കിര്‍ നായിക്കിനെ സഹായിച്ചതിനുള്ള പ്രതിഫലമാണിതെന്നുമാണ് ബി.ജെ.പി. യുടെ ആരോപണം.ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നേരിട്ട് വിദേശസംഭാവനകള്‍ വാങ്ങുന്നതില്‍നിന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം വിലക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ ആരോപണം.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായമെന്നനിലയില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ഭാഗമായ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ് പണം കൈപറ്റിയതെന്നാണ് ബി ജെ പി യുടെ ആരോപണം.യു.പി.എ. സര്‍ക്കാറിന്റെ ഭരണകാലത്താണ് ഈ സാമ്പത്തിക ഇടപാടുകള്‍ നടന്നതെന്നും ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, ധനമന്ത്രി പി. ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി തുടങ്ങിയവരുണ്ടെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടുകയുണ്ടായി.തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം നിലനില്‍ക്കുന്ന ഒരു സംഘടനയില്‍നിന്ന് പണം കൈപ്പറ്റിയത് ദുരൂഹമാണ്.അതുകൊണ്ട് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസ്സും ന്യായീകരണവുമായി രംഗത്തെത്തി. നായിക്കിന്റെ സംഘടനയില്‍നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സമ്മതിച്ച കോണ്‍ഗ്രസ് സംഭാവന കൈപ്പറ്റിയ സമയത്ത് നായിക്കിന്റെ സംഘടനയ്‌ക്കെതിരെ ആരോപണങ്ങളില്ലായിരുന്നുവെന്ന് വിശദീകരിച്ചു.വിവാദമുയര്‍ന്നപ്പോള്‍തന്നെ പണം തിരിച്ചുകൊടുത്തുവെന്നും നുണപ്രചാരണം മോദിസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കിയിട്ടുണ്ടെന്നും ജൂലായില്‍ അവര്‍ തിരിച്ചുനല്‍കിയെന്നും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വക്താവ് ആരിഫ് മാലിക് സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാല്‍, തങ്ങള്‍ നിരവധി സന്നദ്ധസംഘടനകള്‍ക്ക് ഇത്തരത്തില്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കിയ സംഭാവനമാത്രം വിവാദമാകുന്നതെന്നും മാലിക് ചോദിച്ചു.
Post Your Comments