തിരുവനന്തപുരം: ആരിലും അല്‍പ്പം കാരുണ്യം ജനിപ്പിക്കുന്ന കാഴ്‌ചയായിരുന്നു നഗരത്തിലെ പ്രശസ്‌തമായ എസ്.എ.ടി. ആശുപത്രിക്കു മുന്നിലെ അമ്മയും കുഞ്ഞും പ്രതിമ ഇതുവരെ. പക്ഷെ കാലാന്തരത്തില്‍ ദൈവികപരിവേഷം കൈവന്നിരിക്കുകയാണ് ആര്യനാട് രാജേന്ദ്രനെന്ന ശില്‍പ്പി നിര്‍മിച്ച ഈ പ്രതിമയ്ക്ക്. അമ്മയുടെയും കുഞ്ഞിന്റെയും “ഭക്‌തര്‍” എസ്.എ.ടി. ആശുപത്രിയിലെത്തുന്ന നാനാജാതിമതസ്‌ഥരായ രോഗികളും കൂട്ടിരിപ്പുകാരുമാണ്.
മെഴുകുതിരികളും ചന്ദനത്തിരികളുമാണു ഇവിടുത്തെ പൂജാസാമഗ്രികള്‍. ശില്‍പ്പത്തിനു മുന്നില്‍ ആരോ മെഴുകുതിരി കത്തിച്ചുവച്ചു പ്രാര്‍ഥന തുടങ്ങിവച്ചത് അടുത്തിടെയാണ്. ഇതോടെ ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും കൂട്ടത്തോടെ പുതിയ ദൈവങ്ങള്‍ക്കു മുന്നിലെത്തിത്തുടങ്ങി. തന്റെ 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനു വേണ്ടിയാണ് കൊല്ലം കല്ലുന്താഴം സ്വദേശിയായ ഗോപകുമാര്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചത്. കുഞ്ഞിനെ കൈകളിലേന്തിയ അമ്മയോടല്ലാതെ മറ്റാരോടു പ്രാര്‍ഥിക്കുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
ആശുപത്രി പരിസരത്തു മെഡിക്കല്‍ കോളജ് ജീവനക്കാരനായിരുന്ന രാജേന്ദ്രന്റെ മറ്റു രണ്ടു ശില്‍പ്പങ്ങള്‍കൂടി ഉണ്ട്. എട്ടാം വയസില്‍ നാടുനീങ്ങിയ അവിട്ടം തിരുനാളിന്റേതും മെഡിക്കല്‍ കോളജ് പ്രവേശനകവാടത്തിലെ ഹിപ്പോക്രാറ്റസിന്റേതും. എന്നാല്‍, ശില്‍പ്പിപോലും നിനയ്‌ക്കാതെ ദൈവമാകാനുള്ള ഭാഗ്യമുണ്ടായത് അമ്മയും കുഞ്ഞും പ്രതിമയ്‌ക്കാണ്.
Post Your Comments