കൊച്ചി : കോഴിക്കോട് കോടതി പരിസരത്ത് പ്രവേശിച്ച ചാനല്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ പേരില്‍ സസ്‌പെന്റ് ചെയ്ത കോഴിക്കോട് ടൗണ്‍ എസ് ഐ വിമോദിന് ആശ്വാസമായി ഹൈക്കോടതി. വിമോദിനെതിരായ നടപടി ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. വിമോദിനെതിരായ തുടര്‍ നടപടികള്‍ക്ക് താല്‍ക്കാലിക സ്‌റ്റേയാണ് ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്. സസ്‌പെന്‍ഷനെതിരെ വിമോദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 16 വരെയാണ് സ്‌റ്റേ. മാദ്ധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലാണ് കോഴിക്കോട് ടൗണ്‍ എസ്‌ഐ ആയിരുന്ന വിമോദ് ഇപ്പോള്‍.
രണ്ടു കേസുകളാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാദ്ധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിനും തൊഴില്‍ തടസം വരുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പരാതിയുടെയും എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ പൊലീസിന് തെറ്റ് പറ്റിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റയും സമ്മതിച്ചിരുന്നു. വിമോദിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അതേസമയം കോടതിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചത് ജില്ലാ ജഡിജിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് അന്വേഷണ റിപ്പോര്‍ട്ടാണ് ഗവണ്‍മെന്റ് പ്ലീഡന്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ കോഴിക്കോട് ടൗണ്‍ എസ്.ഐ പിഎം വിമോദ് കുമാര്‍ നല്‍കിയ വിശദീകരണത്തിലും ഗവണ്‍മെന്റ് പ്ലീഡര്‍ കെ ആലിക്കോയ രേഖാമൂലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലുമാണ് ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചതെന്ന് വ്യക്തമാക്കുന്നത്.
എസ്.ഐ വിമോദ് കുമാര്‍ ജഡ്ജിയുടെ നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നെന്ന് ശരിവെയ്ക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടും. മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഹാജരാക്കുന്നതിനാല്‍ സുരക്ഷ ശക്തമാക്കണമെന്നും മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ മാദ്ധ്യമങ്ങളെ കോടതിയിലേക്ക് കയറ്റേണ്ടതില്ലെന്നുമായിരുന്നു ഗവണ്‍മെന്റ് പ്ലീഡര്‍ കെ ആലിക്കോയ കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ജില്ലാ ജഡ്ജിയുടെ ആജ്ഞ അതേപടി അനുസരിക്കുകയാണ് താന്‍ ചെയ്തതെന്നാണ് വിമോദ് കുമാറിന്റെ വിശദീകരണ റിപ്പോര്‍ട്ടും. എസ്.ഐ വിമോദിന്റെയും ഗവണ്‍മെന്റ് പ്ലീഡര്‍ ആലിക്കോയയുടെയും മൊഴിയും രേഖാമൂലമുള്ള റിപ്പോര്‍ട്ടുകള്‍ക്കും പുറമെ ഈ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെ വിശദീകരണവും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിസരത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നും അന്ന് പൊലീസുകാര്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. ജില്ലാ ജഡ്ജിയുടെ വാക്കാലുള്ള നിര്‍ദ്ദേശം എസ്.ഐക്ക് ലഭിച്ചതായാണ് ഈ ഉദ്യോഗസ്ഥരെല്ലാം വ്യക്തമാക്കുന്നത്. മാത്രമല്ല, നിലവിലുള്ള പ്രിന്‍സിപ്പല്‍ എസ്.ഐമാരുടെ കൂട്ടത്തില്‍ മികച്ച ഉദ്യാഗസ്ഥനാണ് വിമോദ് കുമാറെന്നും സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ട്. ചെമ്മങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ എസ്.ഐയായിരുന്ന വിമോദിന് കഴിഞ്ഞ മാസമായിരുന്നു ടൗണ്‍ സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍, കാമറാമാന്‍, ടെക്‌നീഷ്യന്‍, െ്രെഡവര്‍ എന്നിവരെയാണ് ഒബി വാന്‍ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അസഭ്യം പറയുകയും ഭീഷണിയും അതിക്രമവും ഉണ്ടായതായി ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകരുടെ പരാതിയും കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധിച്ചാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
Post Your Comments