NewsIndia

രാഹുലിന്‍റെ “അര്‍ഹര്‍ മോദി” പരിഹാസത്തിനു മറുപടിയുമായി അരുണ്‍ ജയ്‌റ്റ്ലി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധി ഇന്നലെ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി. പയര്‍-പരിപ്പു വര്‍ഗ്ഗങ്ങളുടെ വിലക്കയറ്റത്തെപ്പറ്റിയുള്ള തന്‍റെ പ്രസംഗത്തിനിടയിലാണ് രാഹുല്‍ഗാന്ധി “അര്‍ഹര്‍ മോദി” എന്ന പ്രയോഗം നടത്തി പ്രധാനമന്ത്രിയെ പരിഹസിച്ചത്. ഉത്തരേന്ത്യയില്‍ വളരെയധികം ഉപയോഗത്തിലുള്ള പരിപ്പ് വര്‍ഗ്ഗമായ അര്‍ഹര്‍ ദാലിന്‍റെ വിലക്കയറ്റം കാരണം ജനങ്ങള്‍ ഇപ്പോള്‍ “അര്‍ഹര്‍ മോദി, അര്‍ഹര്‍ മോദി” എന്ന്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ് എന്നാണ് രാഹുല്‍ കളിയാക്കിയത്. 2014 പൊതുതിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി ഉപയോഗിച്ച “ഹര്‍ ഘര്‍ മോദി (എല്ലാ വീട്ടിലും മോദി)” എന്ന മുദ്രാവാക്യത്തിനും കൂടിയുള്ള ഒരു കുത്തായിരുന്നു രാഹുലിന്‍റെ ഈ പ്രയോഗം.

രാഹുലിന്‍റെ ഈ പരിഹാസത്തിന് മറുപടിയായി രാഹുലിനെ വ്യക്തിപരമായി പരിഹസിക്കാതെ വസ്തുതകള്‍ മാത്രം നിരത്തിയായിരുന്നു ധനമന്ത്രിയുടെ മറുപടി.

“വിപണിയില്‍ പുതിയ ചരക്ക് വരുന്നതോടെ വിലകള്‍ കുറയും. യുപിഎ ഗവണ്മെന്‍റ് ഉപേക്ഷിച്ചു പോയത് ഇരട്ടഅക്കത്തിലുള്ള പണപ്പെരുപ്പ നിരക്കായിരുന്നു. ഇന്ന്‍, ഈ പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഓരോ മേഖലയിലും നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം വീമ്പുപറച്ചില്‍ സ്ഥിതിവിവര കണക്കുകള്‍ക്ക് നിരക്കാത്തതാണ്,” അരുണ്‍ ജയ്‌റ്റ്ലി പറഞ്ഞു.

വിലക്കയറ്റം എന്നത് വിപണിയില്‍ ചില സീസണുകളോട് ബന്ധപ്പെട്ട് മാത്രമാണ് ഇപ്പോളുണ്ടാകുന്നത് എന്നതും ധനമന്ത്രി ചൂണ്ടിക്കാട്ടി.

വിലക്കയറ്റം എന്ന്‍ ഇല്ലാതാകുമെന്നതിന് നരേന്ദ്രമോദി ഒരു തീയതി പ്രഖ്യാപിക്കണം എന്ന രാഹുലിന്‍റെ ആവശ്യത്തോട് ജയ്‌റ്റ്ലിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു,”ഒരു തീയതിക്കായി ആവശ്യപ്പെടുന്നതൊന്നും പ്രശ്നത്തിന്‍റെ പരിഹാരമാകുന്നില്ല. പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ പര്യാപ്തമായ ഒരു നയം നടപ്പാക്കുക എന്നതാണ് ഏകപോംവഴി”.

പഞ്ചസാര, ഉള്ളി എന്നിവ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാത്തത് കുറച്ചുകാലമായി ഗവണ്മെന്‍റിനെ ആശങ്കയിലാഴ്ത്തിയിരുന്നതായി ജയ്‌റ്റ്ലി പറഞ്ഞു.

“കുറേ മാസങ്ങള്‍ പഞ്ചസാരയുടെ വില കിലോയ്ക്ക് 22-23 ആയിരുന്നു. കര്‍ഷകരുടെ അവസ്ഥ ഓര്‍ത്ത് ഗവണ്മെന്‍റിന് ആശങ്കകളുണ്ടായി. പല മില്ലുകളും പൂട്ടപ്പെട്ടു. പഞ്ചസാര വില കിലോയ്ക്ക് 40 എന്ന രീതിയില്‍ വര്‍ദ്ധിച്ചപ്പോള്‍ ഗവണ്മെന്‍റ് കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു,” ജയ്‌റ്റ്ലി പറഞ്ഞു.

പുതിയ വിളവെടുപ്പ് സീസണോടെ തക്കാളിയുടെ വില കുറയുമെന്നും ധനമന്ത്രി അറിയിച്ചു. ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ദശകത്തിലേ കൈക്കൊണ്ടിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള ഒരു സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button