NewsIndia

രാമായണ മാസത്തില്‍ തൃപ്രയാറപ്പന്‍റെ തിരുനടയില്‍ നിന്ന്‍ നാലമ്പല ദര്‍ശനത്തിന്‍റെ പുണ്യം തേടാം

കര്‍ക്കിടകമാസം രാമായണശീലുകളുടെ മാസമാണ്. മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍റെ പുണ്യകഥ പഞ്ഞകര്‍ക്കിടത്തിന്‍റെ അല്ലലുകള്‍ മാറ്റും എന്ന ഉറപ്പില്‍ വീടുകളില്‍നിന്ന്‍ പ്രായഭേദമന്യേ രാമായണകഥയുടെ ഈരടികള്‍ പൈങ്കിളിപ്പാട്ടായി ഉയരുന്നു. നാലമ്പല ദര്‍ശനവും രാമായണമാസത്തില്‍ സവിശേഷപ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. രാമപുരം രാമസ്വാമി ക്ഷേത്രം, കുടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ നാല് അമ്പലങ്ങളിലൂടെയുള്ള ദര്‍ശനമാണ് കേരളത്തില്‍ ഇന്ന്‍ പ്രചുരപ്രചാരത്തിലുള്ളത്. മദ്ധ്യകേരളത്തില്‍ കോട്ടയം ജില്ലയിലാണ് ഈ നാല് അമ്പലങ്ങളും സ്ഥിതിചെയ്യുന്നത്.

പക്ഷേ, തൃശ്ശൂര്‍-എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചും നാലമ്പലദര്‍ശനത്തിന്‍റെ പുണ്യം തേടാനുള്ള അവസരം ഭക്തര്‍ക്കുണ്ട്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ശ്രീലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പയമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ നാല് പുണ്യസ്ഥാനങ്ങളിലൂടെയും നാലമ്പല ദര്‍ശനം നടത്താം.

തൃപ്രയാറപ്പന്‍ ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും മദ്ധ്യഭാഗത്തായാണ് വാണരുളുന്നത്. ആറടി ഉയരമുള്ള ശംഖചക്രധാരിയായ വിഗ്രഹപ്രതിഷ്ഠയാണ് തൃപ്രയാറേത്. കന്നി മാസത്തിലെ തിരുവോണംനാളില്‍ നടത്തുന്ന “സേതുബന്ധനം” തൃപ്രയാറെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ്. മീനൂട്ട് വഴിപാടും പ്രധാനമാണ്.

തൃപ്രയാറ് നിന്നും 20-കിലോമീറ്റര്‍ മാത്രം അകലെയാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം. വയറ്സംബന്ധമായ വ്യാധികള്‍ക്ക് പരിഹാരം തേടി അനേകഭക്തര്‍ കൂടല്‍മാണിക്യത്ത് ദിവസേന എത്തി സുഖംപ്രാപിച്ച് മടങ്ങിപ്പോകുന്നു. താമരമാല, വഴുതനനിവേദ്യം, നെയ്‌വിളക്ക് എന്നിവ പ്രധാനവഴിപാടുകളാണ്.

നാല് അമ്പലങ്ങളില്‍ എറണാകുളം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഏകക്ഷേത്രമാണ് തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം. ആള്‍വാര്‍മാര്‍ സന്ദര്‍ശിച്ച 108 ദിവ്യദേശങ്ങളില്‍പ്പെട്ട ക്ഷേത്രമാണ് മൂഴിക്കുളം. തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 50-കിലോമീറ്റര്‍ തെക്ക് അങ്കമാലിയ്ക്കടുത്താണ് മൂഴിക്കുളം ക്ഷേത്രം.

നാല് ക്ഷേത്രങ്ങളില്‍ ഏറ്റവും ചെറിയ ക്ഷേത്രമാണ് പയമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം. ഇരിങ്ങാലക്കുടയില്‍ നിന്ന്‍ 8-കിലോമീറ്റര്‍ അകലെയാണ് പയമ്മല്‍ അമ്പലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button