Latest NewsKerala

രാമായണശീലുകൾ ചന്ദന ഗന്ധം പൊഴിക്കുന്ന കർക്കിടകം ഇന്ന് ആരംഭിക്കുമ്പോൾ

“കഥയ മമ,കഥയ മമ, കഥകളതിസാദരം”രാമായണശീലുകൾ ചന്ദനഗന്ധം പൊഴിക്കുന്ന കർക്കടകമാസത്തിന് ഇന്ന് തുടക്കം! എല്ലാവർക്കും ഭക്തിയുടെയും പരിശുദ്ധിയുടേയും,വിശ്വാസത്തിന്റെയും നന്മയുടെയും പുണ്യം നിറഞ്ഞ രാമായണ മാസാശംസകൾ. വറുതിയുടെയും കഷ്ടപ്പാടിന്റെയും അവസാനവും വരാനിരിക്കുന്ന നല്ല നാളെയുടെ,പൊന്നിൻ ചിങ്ങത്തിന്റെ കാത്തിരിപ്പും കൂടിയാണ് മലയാളിക്ക് കർക്കടകം.””ചേട്ടയെ പുറത്തു തള്ളി ശീപോതിയെ അകത്തളങ്ങളിൽ കുടിയിരുത്തി ഉത്തമപുരുഷൻ ശ്രീരാമചന്ദ്രന്റെ നീതിബോധവും ധർമ്മവും നന്മയും പാരായണം ചെയ്ത് ആത്മശുദ്ധി വരുത്താനൊരുങ്ങുകയാണ് ഓരോ മനസ്സും””!

ഇടമുറിയാതെ പെയ്യുന്ന പേമാരിയും,കാർഷികവൃത്തിയുടെ അഭാവവും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങളും കർക്കടകത്തിന് പഞ്ഞക്കർക്കടകമെന്നും കള്ളക്കർക്കടകമെന്നും പേര് നല്കിയെങ്കിലും ഇന്ന് ആധുനിക സൗകര്യങ്ങൾ കൂടിയതോടെ രാമായണമാസം എന്നതിലേയ്ക്ക് കർക്കടകത്തിന്റെ പ്രാധാന്യം ചുരുങ്ങി. വർഷം മുഴുവൻ പണിയെടുക്കുന്ന കർഷകനും കന്നുകാലികൾക്കും വിശ്രമമെന്ന നിലയിലാണ് പണ്ട് കാലത്ത് കർക്കടകമാസത്തെ കണക്കാക്കിയിരുന്നത്.ഒരു കൊല്ലവർഷക്കാലം മുഴുവൻ പണിയെടുക്കുന്ന മനുഷ്യർക്കും ജീവജാലങ്ങൾക്കും പ്രകൃതി സ്വയമൊരുക്കിയ സുഖവാസകാലം കൂടിയാണ് കർക്കടകം.

ഈ കാലയളവിലെ ഔഷധസേവയും ,മത്സ്യമാംസാദികളും അതിരസം കലർന്ന ഭക്ഷണങ്ങളുപേക്ഷിച്ചുള്ള പഥ്യവും,തേച്ചുകുളിയും അധ്വാനക്ഷീണത്തെ അകറ്റിനിർത്താൻ പ്രാപ്തിയുള്ളവയായിരുന്നു.ശരീരസൗഖ്യത്തിന് തേച്ചുകുളിയും മനശ്ശുദ്ധിക്ക് രാമായണപാരായണവുമാണ് കർക്കടക്കത്തിലെ മാനസിക,ശാരിരീക ബുദ്ധിമുട്ടുകൾക്കുള്ള പ്രതിവിധിയായി പറയുന്നത്.കർക്കടകത്തിൽ ഔഷധക്കഞ്ഞി സേവിക്കുന്നതും ദശപുഷ്പങ്ങൾ സമൂലമോ ചില പ്രത്യേക ഭാഗങ്ങളോ ഭക്ഷണത്തിൽ ഉൾപ്പെടുത്തി സേവിക്കുന്നതും ശരീരത്തിലെ ഉഷ്ണതാപമകറ്റാനും ,രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും,മഴക്കാല രോഗങ്ങളിൽ നിന്ന് വിടുതൽ ലഭിക്കാനും ഉത്തമമാണ്.

ഇന്ന് ഔഷധക്കഞ്ഞിയുടെ കൂട്ടുകളുമായുള്ള റെഡിമെയ്ഡ് പാക്കറ്റുകൾ വിപണിയിൽ സുലഭമാണ്.ഗുണമേന്മ ഉറപ്പു വരുത്തി മാത്രം ഉപയോഗിക്കുക. തമിഴ് ജനത “ആടി”യെന്നും,സംസ്കൃതത്തിൽ “ആഷാഢ”മെന്നും പേരിട്ട് വിളിക്കുന്ന കർക്കടകം ദക്ഷിണായനത്തിന്റെ തുടക്കമാണ്. സൂര്യന്റെ അയനകാലത്തെ ദക്ഷിണായനം,ഉത്തരായനം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.സൂര്യൻ വടക്കു നിന്ന് തെക്കോട്ടേയ്ക്ക് സഞ്ചരിക്കുന്നതിനായി കർക്കടകം രാശിയിലേയ്ക്ക് പ്രവേശിക്കുന്നതിനെയാണ് ദക്ഷിണായനം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.

കർക്കടകം എന്ന പേര് “കൃന്തനം”ചെയ്യുന്നത് അഥവാ “ഇറുക്കുക,നശിപ്പിക്കുക,ഛേദിക്കുക,മുറിക്കുക എന്നൊക്കെയുള്ള അർത്ഥം വരുന്ന വാക്കിൽ നിന്നാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു.ജലരാശിയായ കർക്കടകം ഞണ്ടിന്റെ ആകൃതിയിലാണ് കാണപ്പെടുന്നത്! കാല”” പുരുഷനാണ് കർക്കടകത്തിന്റെ അധിപൻ”! ഈ രാശിയിൽ പകലിന് ദൈർഘ്യം കുറവും രാത്രി ദൈർഘ്യമേറിയതുമാണ്.ഉത്തരായനം ദേവഗണങ്ങൾക്ക് പകലാണെങ്കിൽ,ദക്ഷിണായനം രാത്രിയാണ്.പിതൃക്കൾക്ക് ഏറെ പ്രാധാന്യമുള്ള കർക്കടകത്തിലെ വെളുത്ത അമാവാസി മുതൽ കറുത്ത വാവ് വരെ പിതൃക്കളാണ് നമ്മെ സംരക്ഷിച്ചു പോരുന്നതെന്ന് വിശ്വസിക്കുന്നു.

അതിനാൽതന്നെ കർക്കടകവാവ് പിതൃപൂജയ്ക്ക് ഏറ്റവും വിശേഷപ്പെട്ടതാണ്.അതു കൊണ്ടാണ് കർക്കടകവാവിൽ പിതൃക്കൾക്ക് ഭക്തിപൂർവ്വം വ്രതശുദ്ധിയോടെ ശ്രാദ്ധമൂട്ടുന്നത് ഏഴു തലമുറയ്ക്ക് ഗുണകരമാവുമെന്ന് സനാതനധർമ്മത്തിൽ പറയുന്നത്. ഭാരത പൈതൃകത്തിലെ അഞ്ചാമത്തെ വേദമായ രാമായണം ആദികവി വല്മീകിയുടെ അതി മനോഹര സർഗ്ഗസൃഷ്ടിയാണ്!വേദപാരായണം എന്നും രാമായണ പാരായണത്തെ വിശേഷിപ്പിക്കുന്നു.ശാരികപ്പെതലിനെ കൊണ്ട് ഋഷിതുല്യനായ എഴുത്തച്ഛൻ പാടിച്ച സരള സുന്ദരമായ “അദ്ധ്യാത്മ രാമായണമാണ്”കേരളീയ ജനതയുടെ ഇടയിൽ പ്രചുരപ്രചാരം നേടിയത്.സൃഷ്ടാവായ ബ്രഹ്മാവ് പുത്രൻ നാരദമഹർഷിക്കു പറഞ്ഞു കൊടുത്ത കഥയാണ് പിന്നീട് ഇതിഹാസ കാവ്യമായി മാറിയത്.

പകൽ നിദ്ര കൊള്ളുന്ന ദേവകളും മനുഷ്യരോടൊപ്പം സന്ധ്യയിൽ രാമായണ പാരായണം നടത്തുന്ന എന്ന വിശ്വാസത്താൽ കർക്കടക സന്ധ്യകളെ “ദേവസന്ധ്യ”എന്നും വിശേഷിപ്പിക്കുന്നു.കാലത്തും വൈകിട്ടും ശുദ്ധിയോടെയുള്ള സ്നാനം കഴിഞ്ഞ് ,ചന്ദനമോ,ഭസ്മക്കുറിയോ തൊട്ട്, അഷ്ടദ്രവ്യങ്ങൾ താലത്തിലൊരുക്കി,11 പേരടങ്ങുന്ന(ഗണപതി, ബ്രഹ്മാവ്,നാരദന്റെ,വസിഷ്ഠൻ മഹർഷി,മഹാദേവൻ,ശ്രീരാമ ലക്ഷ്മണൻമാർ,,സീത, ഹനുമാൻ,ഭരത ശത്രുഘ്നൻ)ശ്രീരാമ പട്ടാഭിഷേകചിത്രത്തിന് മുന്നിൽ എഴുതിരിയിട്ട നിലവിളക്കിൽ നെയ്യൊഴിച്ച് തെളിയിച്ച് പീഠത്തിൽ പുണ്യഗ്രന്ഥം വെച്ച് തൊട്ട് നമസ്കരിച്ചു ഗണപതി വന്ദനം ചെയ്തും വേണം പാരായണം തുടങ്ങേണ്ടത്.

ബാലകാണ്ഡത്തിൽ നിന്ന് തുടങ്ങി അവസാനദിവസം ശ്രീരാമ പട്ടാഭിഷേകത്തിലായിരിക്കണം പാരായണം അവസാനിപ്പിക്കേണ്ടത്.ശോകമോ,കലഹങ്ങളോ,വിരഹമോ വരുന്നിടത്ത് പാരായണം നിർത്താനും പാടില്ല.പ്രായഭേദ്യമെന്യെ ആർക്കും പാരായണം ചെയ്യാവുന്ന രാമായണം കുടുംബ ഐക്യത്തിനും ഐശ്വര്യത്തിനും ഏറെ വിശേഷപ്പെട്ടതാണ് !

shortlink

Related Articles

Post Your Comments

Related Articles


Back to top button