Latest NewsKeralaNews

വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം : കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

കേസില്‍ യുവതിയുടെ ഭര്‍ത്താവ് ആലപ്പുഴ വണ്ടാനം സ്വദേശിയും മതപ്രഭാഷകനുമായ സിറാജുദ്ദീനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

മലപ്പുറം : മലപ്പുറം ചട്ടിപ്പറമ്പിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാപ്രവർത്തകർ ഉൾപ്പെടെ ഉള്ളവരോട് വിവരങ്ങൾ മറച്ചുവെച്ചുവെന്നും മന്ത്രി പറഞ്ഞു.

പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയാണ് പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്. കേസില്‍ യുവതിയുടെ ഭര്‍ത്താവ് ആലപ്പുഴ വണ്ടാനം സ്വദേശിയും മതപ്രഭാഷകനുമായ സിറാജുദ്ദീനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രതിയെ തിങ്കളാഴ്ച്ച പ്രസവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളെ സഹായിച്ചവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വൈകാതെ മറ്റുളളവരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. അഞ്ചാമത്തെ പ്രസവത്തിനിടെ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് അസ്മ മരണപ്പെട്ടത്.

പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരിച്ചു. തുടര്‍ന്ന് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലെത്തിച്ചു.

അസ്മയുടെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button