KeralaNews

ഐ.എസ് റിക്രൂട്ട്‌മെന്റിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി ? ഐ.എസിലേക്ക് പോകുന്ന മലയാളികളെ കുറിച്ച് ഇതുവരെ വന്ന വാര്‍ത്തകളും, വസ്തുതകളും…

തിരുവനന്തപുരം : സംസ്ഥാനത്തുനിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ സന്ദേശമയച്ചത് നാലു ഫോണ്‍നമ്പറുകളില്‍ നിന്നാണെന്നു കണ്ടെത്തി. ഒരു ഇന്ത്യന്‍ നമ്പറില്‍നിന്നും മൂന്നു വിദേശ നമ്പറുകളില്‍നിന്നുമാണ് സന്ദേശമയച്ചിട്ടുള്ളത്. ഈ നമ്പറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. കാണാതായവര്‍ ഒരുമിച്ചോ, ചെറിയ ഗ്രൂപ്പുകളായോ കഴിയുന്നതായാണ് നിഗമനം. അതേസമയം, ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ല.

ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചെറുപ്പക്കാര്‍ രണ്ടുമാസത്തിനിടെ പലതവണയായാണ് നാടുനിട്ടത്. ബെംഗളൂരുവില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ അബ്ദുല്‍ റാഷിദ് അബ്ദുല്ല മുംബൈയില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് ഒരുമാസം മുന്‍പാണ് വീട്ടില്‍നിന്നു ഭാര്യയോടൊപ്പം പുറപ്പെട്ടത്. പിന്നാലെ ഡോ.ഇജാസും ഭാര്യ റഫീലയും മകളും ലക്ഷദ്വീപില്‍ ജോലിക്കായി പോവുകയായിരുന്നു. ഇജാസിന്റെ സഹോദരന്‍ ഷിയാസും കുടുംബവും മുംബൈയിലേക്കെന്നു ബന്ധുക്കളെ അറിയിച്ചാണ് പുറപ്പെട്ടത്. മറ്റുള്ളവര്‍ പ്രാര്‍ഥനകള്‍ക്കും മതപഠനത്തിനുമെന്ന പേരിലാണ് നാടുവിട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. പാലക്കാട് കാണാതായ ദമ്പതികള്‍ മതം മാറിയത് കോഴിക്കോട്ടുവച്ചായിരുന്നു. അബ്ദുല്‍ റാഷിദ് അബ്ദുല്ലയും ഇവിടെയാണ് ജോലി ചെയ്തിരുന്നത്.

കാണാതായ അബ്ദുല്‍ റാഷിദ് അബ്ദുല്ല, പിതാവിന്റെ ഫോണിലേക്ക് അയച്ച സന്ദേശമാണ് യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന അനുമാനത്തിന് അടിസ്ഥാനമായിരിക്കുന്നത്. ‘മുംബൈയില്‍ നിന്നു ഞങ്ങള്‍ വിശുദ്ധനാട്ടില്‍ എത്തി. ഇവിടെ എല്ലാവരും സുരക്ഷിതരാണ്. ദൈവത്തിന്റെ നാട്ടിലാണ് ഇനി ഞങ്ങള്‍ താമസിക്കുന്നത്. ഉപ്പയും ഉമ്മയും ഇവിടേക്കു വരണം…’ എന്നായിരുന്നു സന്ദേശം.

മൊബൈല്‍ ഫോണില്‍ വാട്‌സാപ്പിലേക്കു ശബ്ദസന്ദേശമാണ് എത്തിയത്. ഇതിനുപിന്നാലെ കാണാതായ ഇജാസിന്റെ പേരില്‍ രക്ഷിതാക്കളുടെ ഫോണിലേക്കും ഇതേ സന്ദേശമെത്തി. രണ്ടുദിവസങ്ങള്‍ക്കു ശേഷം തൃക്കരിപ്പൂര്‍ സ്വദേശി മര്‍വാന്‍, പടന്ന സ്വദേശി ഹയീസുദ്ദീന്‍ എന്നിവര്‍ നാട്ടിലെ ബന്ധുക്കളുടെ ഫോണിലേക്ക് എസ്എംഎസ് വഴി സന്ദേശം അയച്ചു.

തങ്ങള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) സംഘടനയില്‍ അംഗമായെന്നും സിറിയയില്‍ എത്തിയെന്നും ഇനി നാട്ടിലേക്കു തിരിക്കില്ലെന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് എളമ്പച്ചി സ്വദേശി ഫിറോസ് കഴിഞ്ഞ അഞ്ചിനു രാത്രി ഒന്‍പതിനു വീട്ടിലെ ലാന്‍ഡ് ഫോണിലേക്കു വിളിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഇജാസിന്റെയും അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെയും പേരില്‍ എത്തിയ ഫോണ്‍ സന്ദേശങ്ങള്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നുള്ളതാണെന്നു കണ്ടെത്തിയിട്ടുണ്ട്.

കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളിലെ മൂന്നു കുടുംബങ്ങളില്‍നിന്നായി മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം 13 പേര്‍, പാലക്കാട് ജില്ലയിലെ സഹോദരന്മാര്‍, ഇവരുടെ ഭാര്യമാരായ എറണാകുളം, തിരുവനന്തപുരം സ്വദേശിനികള്‍ എന്നിവരാണ് അപ്രത്യക്ഷരായത്. കാസര്‍കോട് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ല, ഭാര്യ എറണാകുളം വൈറ്റില സ്വദേശി ആയിഷ, പടന്ന സ്വദേശി ഡോ. ഇജാസ്, ഭാര്യ റഫീല, ഇജാസിന്റെ സഹോദരന്‍ ഷിയാസ്, ഭാര്യ അജ്മല, എളമ്പച്ചി സ്വദേശി മുഹമ്മദ് മന്‍സാദ്, തൃക്കരിപ്പൂരിലെ മര്‍വാന്‍, പടന്ന സ്വദേശികളായ ഹയീസുദ്ദീന്‍, അഷ്ഫാഖ്, എളമ്പച്ചി സ്വദേശി ഫിറോസ് എന്നിവരെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ രണ്ടു വയസ്സുള്ള മകളും ഇജാസിന്റെ ഒന്നര വയസ്സുള്ള മകനും ഇവര്‍ക്കൊപ്പമുണ്ടെന്നാണു വിവരം. ഇവര്‍ സിറിയയിലെ ഐ.എസ് ക്യാംപില്‍ എത്തിപ്പെട്ടതായാണ് വിവരം.

വ്യത്യസ്ത കാരണങ്ങളാണ് വീട് വിട്ടുപോകുന്നതിന് പലരും പറഞ്ഞതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന പ്രാഥമിക വിവരങ്ങള്‍. ചിലര്‍ മതപഠനത്തിനായി ശ്രീലങ്കയിലേക്ക് പോകുന്നു എന്നാണ് വീട്ടുകാരെ അറിയിച്ചത്. ചിലര്‍ ഡല്‍ഹിയിലേക്ക് എന്ന് പറഞ്ഞായിരുന്നു വീടു വിട്ടത്. എല്ലാവരും ഒരുമിച്ചാണോ പ്രത്യേകമായാണോ യാത്ര ചെയ്തതെന്ന കാര്യം വ്യക്തമല്ല. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളിളില്‍ ഇവരില്‍ ചിലര്‍ എത്തിയെന്ന സംശയം പൊലീസ് അനൗദ്യോഗികമായി പുറത്തുവിടുന്നു. അവര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകളുടെ ലൊക്കേഷന്‍ ആധാരമാക്കിയും ബന്ധുക്കളില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഇത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസും തയ്യാറാകുന്നില്ല. സംഘത്തിലെ ചിലരെങ്കിലും ഇന്ത്യയിലെവിടെയെങ്കിലും ഉണ്ടാകാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button