Kerala

മുരുകന്റെ പ്രതികാരം: നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ആറ്റിങ്ങല്‍ ● കഴിഞ്ഞദിവസം പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ വെട്ടിക്കോലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. ചിറയിൻകീഴിന് സമീപം കിഴുവിലം നൈനാംകോണം പ്ളാവൂർക്കോണം പ്രദീപ് ഭവനിൽ ദിലീപ് (32) ആണ് കൊല്ലപ്പെട്ടത്. തന്റെ ഭാര്യയുമായി ദിലീപിന് ഉണ്ടായിരുന്ന അടുപ്പവും അരുതാത്ത ബന്ധങ്ങളുമാണ് ക്രൂരമായ കൊലയ്ക്ക് കാരണമായതെന്ന് കേസില്‍ അറസ്റ്റിലായ കിഴുവിലം മേനംകോണത്ത് വീട്ടിൽ കൃഷ്ണൻചെട്ടിയാരുടെ മകൻ മുരുകന്‍(40) പോലീസിന് മൊഴി നല്‍കി.

ഭാര്യ അനു (സിനി) വുമായി ബന്ധം പുലര്‍ത്തരുതെന്ന് താന്‍ പലതവണ ദിലീപിനെ ഉപദേശിച്ചിരുന്നു. എന്നാൽ പൂർവ്വകാമുകിയായ അനുവുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ദിലീപ് തയ്യാറായിരുന്നില്ലെന്നും മുരുകന്‍ പോലീസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട ദിലീപിന്റെ വീടിന് സമീപമുള്ള ബന്ധുവീട്ടില്‍ നിന്നാണ് മുസ്ലിം സമുദായത്തില്‍പ്പെട്ട സിനി പഠിച്ചതും വളര്‍ന്നതും. പഠനകാലം മുതൽ ദിലീപും അനുവും പരസ്പരം അറിയാവുന്നവരായിരുന്നു. ഈ പരിചയമാണ് പിന്നീട് പ്രണയത്തിൽ കലാശിച്ചത്. സ് പ്രേ പെയിന്റിംഗ് ജോലിക്കാരനായ ദിലീപ് ഏതാനും വർഷം മുമ്പ് ഗൾഫിൽ പോയ സമയത്ത് ദിലീപിന്റെ വീടിന് ഒരു കിലോ മീറ്ററകലെയുള്ള മുരുകനുമായി അനു അടുപ്പത്തിലായി. മുരുകനുമായുള്ള വിവാഹാനന്തരം മതം മാറിയാണ് അനുവെന്ന പേര് സ്വീകരിച്ചത്.

ഗൾഫിൽ നിന്ന് നാട്ടിൽ അവധിക്കെത്തിയ ദിലീപ് വീണ്ടും അനുവുമായി അടുത്തു. അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങിയ ദിലീപ് അനുവുമായി ഫോണിലൂടെ പ്രണയബന്ധം തുടര്‍ന്നു. ഭാര്യയുമായി തനിക്കുള്ള അടുപ്പം ആദ്യമൊന്നും അറിയാതിരുന്ന മുരുകനുമായും ദിലീപ് ഗൾഫിൽ വച്ച് സൗഹൃദത്തിലായി. രണ്ട് കമ്പനികളിലായിരുന്നു ജോലിയെങ്കിലും ഇരുവരും പരസ്പരം റൂമുകൾ സന്ദർശിക്കുകയും അവധിക്ക് നാട്ടിലെത്തുമ്പോൾ വീടുകളിൽ പോകുകയും ചെയ്തിരുന്നു. ഇതിനിടെ മുരുകന് പണത്തിനാവശ്യം വന്നപ്പോൾ രണ്ട് ലക്ഷം രൂപ സഹായിച്ച ദിലീപ് ഇത് മുതലെടുത്ത് മുരുകന്റെ വീടുമായി കൂടുതൽ അടുപ്പം പുലർത്താൻ ശ്രമിച്ചു. തന്നെക്കാൾ കൂടുതൽ അടുപ്പം ഭാര്യ ദിലീപിനോട് കാട്ടുന്നതായി തോന്നിയ മുരുകൻ ഇരുവരെയും പലതവണ വിലക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, അവിവാഹിതനായ ദിലീപ് പിന്തിരിയാൻ തയ്യാറായില്ല.

നാലുമാസം മുമ്പാണ് മുരുകൻ അവധിക്ക് നാട്ടിലെത്തിയത്. മൂന്നുമാസത്തെ അവധി കഴിഞ്ഞ് ഇയാൾ തിരികെ പോയെങ്കിലും നടുവേദനയെ തുടർന്ന് തിരികെപോന്നു. ഈ സമയത്ത് ദിലീപും അവധിക്ക് നാട്ടിലെത്തി. നാട്ടിലെത്തിയശേഷം ദിലീപ് തന്റെ പുതിയ ബൈക്കിൽ മുരുകന്റെ വീടിന്റെ പരിസരത്ത് കറങ്ങുകയും ഭാര്യയുമായി ഫോൺസൗഹൃദം തുടരുകയും ചെയ്തു. ഇതില്‍ കൂടുതല്‍ പ്രകോപിതനായ മുരുകന്‍ ദിലീപിനെ വകവരുത്താന്‍ തീരുമാനിയ്ക്കുകയായിരുന്നു.

തക്കംപാര്‍ത്തിരുന്ന മുരുകന്‍ ഇന്നലെ പമ്മംകോട് -പോളയം റോഡിൽ നാഗരുകാവ് ക്ഷേത്രത്തിന് സമീപം ബൈക്കിൽ കയറ്റം കയറി വരികയായിരുന്ന ദിലീപിനെ മറ്റൊരു ബൈക്കിലെത്തി ഇടിച്ചിട്ട ശേഷം കൈയിലുണ്ടായിരുന്ന വെട്ടുകത്തിയുപയോഗിച്ച് വെട്ടുകയായിരുന്നു.

കഴുത്തിൽ വീണ്ടും വെട്ടാനുള്ള ശ്രമം തടഞ്ഞ ദിലീപിന്റെ കൈയ്യിലാണ് രണ്ടാമത്തെ വെട്ടുകൊണ്ടത്. കഴുത്തിൽ നിന്ന് രക്തം ചീറ്റിയൊഴുകുകയും ദിലീപ് നിലവിളിക്കുകയും ചെയ്തതോടെ ബൈക്ക് റോഡിൽ താക്കോൽസഹിതം റോഡിലുപേക്ഷിച്ച മുരുകൻ വാക്കത്തിയുമായി റോഡിലൂടെ ഓടി. സമീപവാസികളായ രണ്ട് സ്ത്രീകൾ രക്തം പുരണ്ട വെട്ടുകത്തിയുമായി മുരുകൻ ഓടിപോകുന്നത് കണ്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഒത്തുകൂടി ദിലീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പരുപയോഗിച്ച് മേൽവിലാസം കണ്ടെത്തിയാണ് പൊലീസ് കൊലയാളിയെ തിരിച്ചറിഞ്ഞത്. മുരുകനെ അന്വേഷിച്ച് ഇയാളുടെ സഹോദരന്റെ വീട്ടിലെത്തിയ പൊലീസ് സഹോദരനെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഇരുവരും തമ്മിൽ പിണക്കത്തിലാണെന്ന് മനസിലാക്കിയ പൊലീസ് ഇയാളുടെ വർക്കലയിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നാണ് രാത്രി മുരുകനെ പിടികൂടിയത്. ഇവിടെ നിന്ന് വർക്കല റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ മുരുകൻ ഇറങ്ങുമ്പോഴാണ് ഇയാൾ പൊലീസ് വലയിലായത്. ട്രെയിൻമാർഗം എവിടേക്കെങ്കിലും കടന്നശേഷം ഗൾഫിലേക്ക് മുങ്ങാനായിരുന്നു മുരുകന്റെ പദ്ധതി. ദിലീപിന്റെ മരണവാര്‍ത്തയാറിഞ്ഞ ശേഷം അനു കുട്ടിയുമായി ഒളിവില്‍ പോയിരിക്കുകയാണ്.

തന്നെ വഞ്ചിച്ച ഭാര്യയോടും അടങ്ങാത്ത പകയുണ്ടെന്ന് പറഞ്ഞ മുരുകന്‍, മകളെ ഓര്‍ത്ത് മാത്രമാണ് ഭാര്യയെ കൊല്ലാതിരുന്നതെന്നും മൊഴി നല്‍കി. ഭാര്യ കൊല്ലപ്പെടുകയും താൻ കൊലപാതക കേസിൽ ജയിലിലാകുകയും ചെയ്താൽ എട്ടുവയസുകാരിയായ മകളെ നോക്കാൻ ആരുമില്ലാതാകും. ഇതാണ് മുരുകനെ കൃത്യത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. നടുവേദനയ്ക്ക് ചികിത്സയ്ക്കാണ് നാട്ടില്‍ വന്നതെന്നാണ് ഇയാൾ അറിയിച്ചതെങ്കിലും ദിലീപിനെ വകവരുത്താൻ കരുതിക്കൂട്ടിയെത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ദിലീപ് ഈ മാസം 29 ന് ഗള്‍ഫിലേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു.

അറസ്റ്റിലായ മുരുകനെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടില്ല. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button