
തിരുവനന്തപുരം : മാധ്യമങ്ങളുടെ ഇടപെടല്‍ ജിഷ വധക്കേസിന്റെ പ്രോസിക്യൂഷന്‍ നടപടികളെ ബാധിച്ചുവെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇതിന്റെ ഭാഗമായി ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിജിപി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് കത്തയച്ചു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചാല്‍ അത് പ്രോസിക്യൂഷനെ ബാധിക്കുമെന്ന് ഡിജിപി കത്തില്‍ പറയുന്നു.
ജിഷവധക്കേസ് പ്രതിയുടേതെന്ന പേരില്‍ ചില മാധ്യമങ്ങള്‍ ചിത്രസഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് കേസന്വേഷണത്തെ ബാധിച്ചുവെന്ന് ബെഹ്‌റ പറഞ്ഞു. ജിഷവധക്കേസിലെ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് തുടരുന്ന സാഹചര്യത്തില്‍ അമാറുല്‍ ഇസ്ലാമിന്റെ ഫോട്ടോയോ ദൃശ്യങ്ങളോ മാധ്യമങ്ങള്‍ കാണിക്കരുതെന്ന് ഡിജിപി കത്തില്‍ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്. അതിനാല്‍ സാക്ഷികളുടെ മൊഴികള്‍ വളച്ചൊടിക്കുന്നത് കേസന്വേഷണത്തെയും പ്രോസിക്യൂഷനെയും ബാധിക്കും. അതുകൊണ്ട് ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് ഡിജിപി അയച്ച കത്തില്‍ പറയുന്നു.
പ്രതിയായ അമീറുല്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ ചോര്‍ന്നുവെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ഫോട്ടോ പ്രസിദ്ധീകരിക്കരുതെന്ന് ചൂണ്ടികാട്ടി പൊലീസ് മാധ്യമങ്ങള്‍ക്ക് കത്തു നല്‍കിയിരുന്നു. ചിത്രം പ്രസിദ്ധീകരിക്കരുതെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് ഹര്‍ജിയും നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയെ നാളെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചോദ്യം ചെയ്യും. അതേസമയം ജിഷ വധക്കേസ് നിര്‍ണായക ഘട്ടത്തിലാണെന്ന് ഡി.ജി.പി പറഞ്ഞു. കേസില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments