തിരുവനന്തപുരം ● പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അശ്ലീല ഫേസ്ബുക്ക് പേജുകള്‍ വീണ്ടും സജീവമാകുന്നു. “അനിയത്തി ****” എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫേസ്ബുക്ക് പേജില്‍ ബാലികമരുടേതടക്കം നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ചിത്രങ്ങളോടൊപ്പം അശ്ലീല പരാമര്‍ശത്തോടെ ഈ കുട്ടികളെ എന്ത് ചെയ്യണമെന്നും പേജ് അഡ്മിന്‍ ചോദിച്ചിട്ടുണ്ടാകും. ഇതിനൊക്കെ കേട്ടാലറയ്ക്കുന്ന മറുപടികളാണ് ചിലര്‍ കമന്റ് ആയി നല്‍കിയിരിക്കുന്നത്.
ആയിരത്തിലേറെപ്പേര്‍ ലൈക് ചെയ്തിരിക്കുന്ന പേജില്‍ കഴിഞ്ഞദിവസവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. കൂടാതെ പൊതുസ്ഥലങ്ങളില്‍ നിന്നും മറ്റും പെണ്‍കുട്ടികള്‍ അറിയാതെ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളും സ്കൂള്‍ കുട്ടികളുടെ ചിത്രങ്ങളും അശ്ലീല കുറിപ്പോടുകൂടി പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
കൂടാതെ സിനിമാ-സീരിയല്‍ താരങ്ങളുടെയും മറ്റു സ്ത്രീകളുടെയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു പ്രവര്‍ത്തിക്കുന്ന നിരവധി അശ്ലീല ഫേസ്ബുക്ക് പേജുകളും സജീവമാണ്.
സമൂഹ്യമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി കേരള പോലീസിന്റെ സൈബര്‍ ഡോം അന്വേഷണ സംഘം അടുത്തിടെ കണ്ടെത്തിയിരുന്നു. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന പേജുകള്‍ക്കെതിരേ കാര്യമായ നടപടിയൊന്നും ഉണ്ടാകാറില്ല.
കഴിഞ്ഞ ഒക്ടോബറില്‍ തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നും അറസ്റ്റിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം ഇടപാടുകാരെ കണ്ടെത്തുന്നതിനായി ഫേസ്ബുക്ക് പേജും ഉപയോഗിച്ചിരുന്നു.ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ കച്ചവടം കൊഴുപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ പേജായിരുന്നു ‘കൊച്ചു സുന്ദരി’.പതിനായിരത്തിലേറെ പേരായിരുന്നു ഈ പേജിൽ ലൈക്ക് ചെയ്തിരുന്നത്. പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് കുട്ടികളുടെ ഫോട്ടോയും അവരിൽ നിന്ന് ലഭിക്കുന്ന സർവ്വീസും അവരുടെ റേറ്റും കുറിച്ചിട്ട പേജിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാൻ ഫോൺ നമ്പരുകൾ അനവധിയുണ്ടായിരുന്നു. പേജ് ലൈക്ക് ചെയ്യുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്യുന്നവരെ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച് കച്ചവടം ഉറപ്പിക്കുന്നതാണ് ഇവരുടെ തന്ത്രം. ഫേസ് ബുക്ക് പേജിലെ ചിത്രങ്ങളിൽ ആകൃഷ്ടരായെത്തുന്ന കസ്റ്റമേഴ്‌സിന്റെ വിവരങ്ങൾ സംഘം രഹസ്യമായി തേടും. ഐ.ടി രംഗത്തോ ബിസിനസ് മേഖലകളിലോ ഉള്ളവരാണെങ്കിൽ ചോദിക്കുന്ന പണം കിട്ടുമെന്നുറപ്പുള്ള സംഘത്തിന്റെ അടുത്ത നീക്കം ഇരയെ എങ്ങനെയും ചാക്കിലാക്കുകയെന്നതാണ്. ഇങ്ങനെയാണ് ഫേസ്‌ബുക്കിലൂടെ ഓൺലൈൻ പെൺവാണിഭ സംഘം ഇരയെ പിടിക്കുന്നത്. പിന്നീട് സൈബര്‍ സെല്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ടു ഈ പേജ് പൂട്ടിയ്ക്കുകയായിരുന്നു.
Post Your Comments