ടുംഗാപൂര്‍: രാജസ്ഥാനിലെ ടൂംഗാര്‍പൂര്‍ ജില്ലയിലെ ആദിവാസി സ്ത്രീകള്‍ സോളാര്‍ വിളക്കുകളുണ്ടാക്കി ഗ്രാമം മുഴുവന്‍ വെളിച്ചം പകരുകയാണ്. അത്യാധുനിക യന്ത്രങ്ങളുടെ സഹായമില്ലാതെ അറുപതിനായിരത്തോളം സൗരോര്‍ജ്ജ വിളക്കുകളാണ് ഇവര്‍ സ്വന്തം കൈകൊണ്ട് നിര്‍മ്മിച്ചത്. രാജസ്ഥാന്‍ ഗ്രാമീണ്‍ ആജീവിക വികാസ് പരിഷദി(രാജീവിക)ന്റെ കീഴിലാണ് ഇവരുടെ വിളക്ക് നിര്‍മ്മാണം.
80 പേര്‍ക്ക് മുംബൈ ഐ.ഐ.ടിയില്‍നിന്നുള്ള വിദഗ്ധര്‍ ആദ്യം പരിശീലനം നല്‍കിയിരുന്നു. പരിശീലനം ലഭിച്ചവര്‍ മറ്റുള്ളവര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച അറിവ് പകര്‍ന്നുനല്‍കി. 600 മുതല്‍ 700 രൂപ വരെയാണ് സാധാരണഗതിയില്‍ ഒരു സൗരോര്‍ജ്ജ വിളക്കിന് വില വരുന്നതെങ്കില്‍ ഇവരുണ്ടാക്കുന്ന വിളക്കിന് വെറും 120 രൂപ മാത്രമേ നാം ചെലവാക്കേണ്ടി വരുന്നുള്ളൂ. മുംബൈ ഐ.ഐ.ടി തന്നെയാണ് വിളക്ക് നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ നല്‍കുന്നത്. വിളക്കുകളുടെ നിര്‍മ്മാണം, പാക്കിംഗ്, മാര്‍ക്കറ്റിംഗ് എല്ലാം ചെയ്യുന്നത് സ്ത്രീകള്‍ തന്നെ. സ്വന്തം വീടുകളില്‍ ഒരു ചെറിയ ബള്‍ബുപോലും തെളിയിക്കാന്‍ പോലും വൈദ്യുതിയില്ലാത്തവരാണ് ഇവരെല്ലാം. ഭൂരിഭാഗം പേര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസവും ലഭിച്ചിട്ടില്ല എന്നതാണ് ഏറെ അദ്ഭുതമുണ്ടാക്കുന്ന കാര്യം.
രാജസ്ഥാന് പുറമെ മറ്റ് നാല് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ വനിതകള്‍ക്കുകൂടി മുംബൈ ഐ.ഐ.ടി തൊഴില്‍ നല്‍കുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ ഒരു സൗരോര്‍ജ്ജ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന നൂര്‍ജഹാന്‍ എന്ന സ്ത്രീയെ ‘മന്‍ കി ബാത്ത്’ റേഡിയോ പ്രഭാഷണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിന്ദിച്ചിരുന്നു.
Post Your Comments