ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ‘ഫ്രീഡം 251’ ഉടന്‍ വിതരണം ചെയ്യുമെന്ന് റിങ്ങിങ് ബെല്‍സ് കമ്പനി. വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പേരില്‍ അവതരിപ്പിച്ച ഫ്രീഡം 251 ന്റെ വിതരണം ജൂണ്‍ 28 മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫെബ്രുവരിയിലാണ് ഫോണിന്റെ ബുക്കിങ്ങ് ഓണ്‍ലൈനിലൂടെ ആരംഭിച്ചത്. 30,000 ത്തോളം ആളുകളാണ് ഫോണ്‍ ബുക്ക് ചെയ്തത്. ക്യാഷ് ഓണ്‍ ഡെലിവറി രീതിയിലാണ് ഫോണുകള്‍ ബുക്ക് ചെയ്തവര്‍ക്ക് എത്തിക്കുക.
ഫ്രീഡം 251 അവതരിപ്പിച്ചപ്പോള്‍ തന്നെ വിവാദത്തിലായിരുന്നു. ഇത്രയും കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ സാധിക്കില്ലെന്ന് പല വിദഗ്ധരും പറഞ്ഞിരുന്നു.
ഫോണ്‍ ബുക്ക് ചെയ്യുന്നതിനായി അവതരിപ്പിച്ച വെബ്‌സൈറ്റ് ഇടയ്ക്ക് പ്രവര്‍ത്തനക്ഷമമല്ലാതായി തീര്‍ന്നതും വിവാദത്തിലായിരുന്നു.
വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഫോണിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍ദേശം നല്‍കിയിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ആദ്യം പണമടച്ച് ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് കന്പനി പണം തിരികെ നല്‍കിയിരുന്നു. ഇനി ക്യാഷ് ഓണ്‍ ഡെലിവറി രീതിയിലാവും ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ എത്തിക്കുകയെന്ന് കമ്പനി അറിയിച്ചിരുന്നു.
Post Your Comments