മുംബൈ : ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ഈ ഹൗസ് കീപ്പറാണ് താരം. സത്യസന്ധനായതുകൊണ്ടുമാത്രം ഇന്റര്‍നെറ്റില്‍ താരമായി മാറിയിരിക്കുകയാണ് വിരേഷ് നര്‍സിംഗ് കേലെ എന്ന റെയില്‍വേ ഹൗസ്‌കീപ്പര്‍.
അമ്പോരിഷ് റൗചൗദരി എന്നയാള്‍ക്ക് വിലപിടിച്ച വസ്തുക്കള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. മുംബൈയില്‍ ട്രെയിന്‍ യാത്രക്കിടെയാണ് മാക്ക്ബുക്ക് അടങ്ങിയ ബാഗ് അമ്പോരിഷിന് നഷ്ടപ്പെട്ടത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒരാള്‍ ബാഗുമായി അമ്പോരിഷിന്റെ വീട്ടില്‍ എത്തി. വിരേഷ് നര്‍സിംഗ് കേലെ എന്ന റെയില്‍വേ ഹൗസ്‌കീപ്പര്‍. പനവേലില്‍ ട്രെയിന്‍ വൃത്തിയാക്കുമ്പോഴാണ് ഒരു ബാഗ് വിരേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ബാഗിലെ മാക്ക്ബുക്കിലെ വിവരങ്ങളില്‍ നിന്നും ഉടമയുടെ വിവരം മനസ്സിലാക്കിയ വിരേഷ് അമ്പോരിഷ് റൗചൗധരിയുടെ വീട് അന്വേഷിച്ച് എത്തുകയായിരുന്നു.
ബാഗ് തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അമ്പോരിഷ് വിരേഷിന് പ്രത്യുപകരമായി കുറച്ചു പണം നല്‍കി. എന്നാല്‍ വിരേഷ് പണം സ്വീകരിച്ചില്ല. പകരം ഒരു കപ്പ് ചായ ചോദിച്ച് വാങ്ങി കുടിച്ചു. ബാഗ് പോയെന്ന് കാണിച്ച് റെയില്‍വേ പൊലീസില്‍ അമ്പോരിഷ് പരാതി നല്‍കിയിരുന്നു. ട്രെയിനുകളെല്ലാം പരിശോധിച്ചെങ്കിലും ബാഗ് കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചതെന്ന് അമ്പോരിഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിരേഷിന്റെ സത്യസന്ധതയെക്കുറിച്ചാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ച.
Post Your Comments