ന്യൂഡല്‍ഹി: നിലവില്‍ 40 രാജ്യങ്ങളില്‍ ലഭ്യമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്കും വൈകാതെ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള തത്വത്തിലുള്ള അനുമതി സര്‍ക്കാര്‍ സ്റ്റാര്‍ലിങ്ക്സിന് നല്‍കിക്കഴിഞ്ഞു.
ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനാകാത്ത സ്ഥലങ്ങളില്‍ പോലും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി ഇലോണ്‍ മസ്‌ക്കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹ ശൃംഖലയാണ് സ്റ്റാര്‍ലിങ്ക്. സാധാരണ ഇന്റര്‍നെറ്റ് സേവനം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെയും കോക്സിയല്‍ കേബിളുകളിലൂടെയുമാണെങ്കില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളിലൂടെയാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്. സ്റ്റാര്‍ലിങ്കില്‍ ആകെ 42,000 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുത്താനാണ് സ്‌പേസ് എക്‌സ് പദ്ധതിയിട്ടിരിക്കുന്നത്.
ഭ്രമണപഥത്തില്‍ ഇതുവരെ 5504 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുണ്ടെന്നും അവയില്‍ 5442 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്നുമാണ് 2024 മാര്‍ച്ചിലെ വിവരം. ഭൂമിയില്‍ നിന്നും 550 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍. സ്പേസ് എക്സിന്റെ റോക്കറ്റുകളാണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നത്. നഗ്നനേത്രങ്ങളാല്‍ തന്നെ രാത്രിയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ യാത്ര നമുക്ക് കാണാനാകും.
കണക്ടിവിറ്റി കുറഞ്ഞ വിദൂരയിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്കിനു കഴിയും. പ്രകൃതിദുരന്ത സമയത്ത് കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് സവിശേഷത. റഷ്യ- യുക്രെയ്ന്‍ യുദ്ധസമയത്ത് യുക്രെയ്ന്‍ സൈന്യത്തിന് സ്റ്റാര്‍ലിങ്കിന്റെ സേവനം ഏറെ പ്രയോജനപ്പെട്ടിരുന്നു. അമേരിക്കയിലാണ് സ്റ്റാര്‍ലിങ്ക് ആദ്യം അവതരിപ്പിക്കപ്പട്ടത്. 40 രാജ്യങ്ങളില്‍ ഇന്ന് സ്റ്റാര്‍ലിങ്കിന്റെ സേവനം ലഭ്യമാണ്.
Post Your Comments