കൊല്ലം: വാളകത്ത് ആക്രമിക്കപ്പെട്ട അധ്യാപകന്‍ കൃഷ്ണകുമാറിനെ സസ്‌പെന്റ് ചെയ്തു. രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജറും കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയാണ് കൃഷ്ണകുമാറിനെ സസ്‌പെന്റ് ചെയ്തത്. കൃഷ്ണകുമാറിന്റെ ബിഎഡ് ബിരുദം വ്യാജമാണെന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍. അതേസമയം അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് മാനെജ്‌മെന്റിന്റെ പേരില്‍ ബാലകൃഷ്ണപിള്ള തങ്ങളെ വേട്ടയാടുകയാണ് ചെയ്യുന്നതെന്ന് അധ്യാപകന്റെ കുടുംബം ആരോപിച്ചു.
ഒഡീഷയിലെ പരമാനന്ദ് കോളേജ് ഓഫ് എജ്യൂക്കേഷന്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് കൃഷ്ണകുമാര്‍ ബിഎഡ് എടുത്തിട്ടുള്ളത്. അതേസമയം 2011ല്‍ കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിഇഒ കൃഷ്ണകുമാറിന്റെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണം നടത്തുകയും സര്‍ട്ടിഫിക്കറ്റിന് അംഗീകാരമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
2011 സെപ്തംബര്‍ 27നാണ് അധ്യാപകനായ കൃഷ്ണകുമാര്‍ കൊട്ടാരക്കരക്ക് സമീപം വാളകത്ത് വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആര്‍ ബാലകൃഷ്ണപിള്ളയുടെ ഗുണ്ടകളാണ് ആക്രമിച്ചതെന്ന് കൃഷ്ണകുമാറിന്റെ ഭാര്യയും അതേ സ്‌കൂളിലെ അധ്യാപികയുമായ കെ ആര്‍ ഗീത അന്ന് തന്നെ ആരോപണമുയര്‍ത്തിയിരുന്നു.
Post Your Comments