കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണ പിള്ളയുടെ വിയോഗം കേരളം വേദനയോടെയാണ് കേട്ടത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ കെ.ബി.ഗണേഷ് കുമാറാണ് മരണവാര്‍ത്ത അറിയിച്ചത്.
രാഷ്ട്രീയ പ്രവർത്തകനായ ബാലകൃഷ്ണ പിള്ളയെയാണ് എല്ലാവർക്കും പരിചിതം. എന്നാൽ മകന് മുൻപേ അഭിനയത്തിലേക്ക് ചുവടു വെച്ച ഒരു നടൻ കൂടിയാണ് ബാലകൃഷ്ണ പിള്ള. പഠിക്കുന്ന കാലത്ത് തന്നെ പിള്ളയ്ക്ക് നാടകങ്ങളോട് ഭ്രമമുണ്ടായിരുന്നു. ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. അടുത്ത സുഹൃത്തായ കലാനിലയം കൃഷ്ണന്‍ നായര്‍ നിര്‍മിച്ച് എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത നീലസാരിയില്‍ ഒരു വേഷം ചെയ്തു കൊണ്ട് അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തി. പിന്നീട് പി.ഗോപികുമാര്‍ സംവിധാനം ചെയ്ത ഇവള്‍ ഒരു നാടോടി എന്ന ചിത്രത്തിലും അദ്ദേഹം മുഖം കാണിച്ചു. അന്ന് കൊട്ടാരക്കര എം.എല്‍.എയായിരുന്നു അദ്ദേഹം. പിന്നീട് പൂര്‍ണമായും രാഷ്ട്രീയതിരക്കുളില്‍ സജീവമാതോടെ അദ്ദേഹം പൂര്‍ണമായും സിനിമാരംഗം വിട്ടു.
എന്നാൽ ഇപ്പോൾ ഗണേഷിന്റെ ഒരു സ്വപ്നം യാഥാർഥ്യമാക്കാതെയാണ് അദ്ദേഹം യാത്രയായിരിക്കുന്നത്. അച്ഛന്റെ മുഖത്ത് ക്യാമറ വച്ച് സ്റ്റാര്‍ട്ട് ആക്ഷന്‍ പറയാനുള്ള ഒരുക്കത്തിലായിരുന്നു ഗണേഷ്. അച്ഛന്റെ സംഭവബഹുലമായ ജീവിതം പകര്‍ത്തുന്ന ഒരു ഡോക്യുമെന്ററി. വര്‍ഷങ്ങളായി സിനിമാരംഗത്തുള്ള തന്റെ ആദ്യ സംവിധാനസംരംഭം ഇതായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് ഗണേഷ് പ്രഖ്യാപിച്ചത്.
അച്ഛന്റെ രാഷ്ട്രീയ ജീവിതവും, ആറര പതിറ്റാണ്ട് കാലത്തെ എന്‍.എസ്.എസ് പ്രവര്‍ത്തനവും അടങ്ങുന്ന രണ്ട് ഡോക്യുമെന്ററികളായിരുന്നു ഗണേഷിന്റെ മനസ്സില്‍. എന്നാല്‍, കോവിഡും ലോക്ഡൗണും കാരണം ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. മകന്റെ സ്വപ്നം സാഷാത്കരിക്കാതെയാണ് പിള്ള യാത്രയായത്.
Post Your Comments