Kerala

ജിഷ വധക്കേസിനെക്കുറിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു. പൊലീസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാര്‍ മൂന്നു ദിവസത്തെ അവധിയില്‍ പ്രവേശിച്ചതിനാല്‍ അധികാരക്കൈമാറ്റം സംബന്ധിച്ച അനിശ്ചിതത്വം നില നിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി നടന്നത്. ഡിജിപി സ്ഥാനത്തു നിന്നും ടി.പി സെന്‍കുമാറിനെ മാറ്റി ബെഹ്‌റയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ജിഷ കൊലപാതകത്തില്‍ ഉള്‍പ്പെടെ സെന്‍കുമാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ഥാന ചലനം സംഭവിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമാണെന്നും തനിക്ക് എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് തന്നോടാണ് പറയേണ്ടതെന്നും സെന്‍കുമാര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.

അതേസമയം ജിഷ വധക്കേസ് പൊലീസിനു വെല്ലുവിളിയെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്ഥാനം ഏറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസിന് ആധുനിക മുഖം നല്‍കുകയാണ് തന്റെ ലക്ഷ്യം. സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. തന്റെ കരിയറില്‍ അന്വേഷിച്ച കേസ് ഒന്നും തെളിയിക്കാതിരുന്നിട്ടില്ല. പോലീസിന്റെ കുറ്റാന്വേഷണം മികച്ച രീതിയിലാക്കും. തെളിയാതിരിക്കുന്ന പ്രധാന കേസുകളില്‍ എല്ലാം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഡിജിപിയായി ചുമതലയേറ്റ ലോക്‌നാഥ് ബെഹ്‌റ അഗ്‌നിശമനസേനാ വിഭാഗത്തിലെ മേധാവിയായിരുന്നു. എന്‍ഐഎ അടക്കമുള്ള ഏജന്‍സികളിലെ ബെഹ്‌റയുടെ പ്രവര്‍ത്തിപരിചയമാണ് ഡിജിപി സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button