കൊച്ചി:കൊല്ലപ്പെടുന്നതിനു മുമ്പ് ജിഷ കഴിച്ച ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ന്നിരുന്നതായി സൂചന. ആന്തരാവയവങ്ങളുടെ രാസ പരിശോധനയിലാണ് ഭക്ഷണത്തില്‍ അസ്വാഭാവിക വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജിഷയെ കൊലപ്പെടുത്താനായി ഘാതകന്‍ ഭക്ഷണത്തില്‍ കരുതിക്കൂട്ടി മയക്കുമരുന്ന് കലര്‍ത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കൊല്ലപ്പെട്ട അന്ന് ഉച്ചയ്ക്കുശേഷം ജിഷ പുറത്തുനിന്നു കൊണ്ടുവന്ന ഭക്ഷണം കഴിച്ചിരുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. ജിഷയുടെ ഉദരത്തില്‍ ദഹിക്കാതെ ശേഷിച്ച ആഹാരപദാര്‍ഥങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വേര്‍തിരിച്ചെടുത്തിരുന്നു. ഇവയൊന്നും അന്നു വീട്ടില്‍ പാചകം ചെയ്തവയായിരുന്നില്ല. ജിഷ ഭക്ഷണം കഴിക്കാന്‍ പുറത്തുപോവുകയോ ആരെങ്കിലും ഭക്ഷണം എത്തിച്ചു കൊടുക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് പോലീസ് അനുമാനിക്കുന്നു. ഇക്കാര്യത്തില്‍ അമ്മ രാജേശ്വരിക്കു വ്യക്തതയില്ല.
ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. മേയ് രണ്ടിന് ജിഷയുടെ വീട്ടില്‍ നിന്നു 12 കി.മീ. അകലെ പട്ടിമറ്റത്തിനടുത്ത് ഭണ്ഡാരക്കവലയില്‍ രക്തം പുരണ്ട വസ്ത്രങ്ങളും ആയുധവും കണ്ടെന്ന് പരിസരവാസി വെളിപ്പെടുത്തി. വസ്ത്രങ്ങള്‍ കൊലയാളിയുടേതാണെന്നു കരുതുന്നു. പ്രത്യേക അന്വേഷണ സംഘം പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രക്തം പുരണ്ട വസ്ത്രങ്ങളടങ്ങിയ കവറിനെക്കുറിച്ച് സംഭവത്തിന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് വിവരം ലഭിച്ചെങ്കിലും കുന്നത്തുനാട് പോലീസ് അനാസ്ഥ കാണിച്ചതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.
പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറായ യുവാവാണ് ജോലിക്കുപോകും വഴി കോലഞ്ചേരി ഭണ്ഡാരക്കവലയിലെ കനാല്‍ കലുങ്കിനു മുകളില്‍ തുണിക്കടകളില്‍ നിന്നു നല്‍കുന്ന പ്ലാസ്റ്റിക് കവറിനുള്ളില്‍ രക്തം പുരണ്ട നീല ജീന്‍സും ടീ ഷര്‍ട്ടും കത്തിയും കണ്ടെത്തിയത്.
ഉടന്‍ കുന്നത്തുനാട് പോലീസില്‍ വിവരം അറിയിച്ചെങ്കിലും ജീപ്പ് സ്ഥലത്തില്ലെന്നും വരുമ്പോള്‍ എത്താമെന്നുമുള്ള ഒഴുക്കന്‍ മറുപടിയാണു ലഭിച്ചത്. കഴിഞ്ഞ ദിവസം കുറുപ്പംപടിയിലെ പെട്രോള്‍ പമ്പില്‍ ജോലിക്കെത്തിയ യുവാവ് കവര്‍ കണ്ട കാര്യം പമ്പ് ജീവനക്കാരനോടു വിവരിച്ചു. ഇതുകേട്ട പമ്പുടമയാണ് ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചത്. പ്രത്യേക സംഘം സ്ഥലത്തെത്തി ഇയാളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
പോലീസ് സംഘം കനാലും പരിസര പ്രദേശങ്ങളും അരിച്ചുപെറുക്കുകയാണ്. സംഭവസ്ഥലത്ത് തെളിവുകളൊന്നും അവശേഷിപ്പിക്കാതിരുന്ന കൊലയാളി ചോരപുരണ്ട വസ്ത്രവും ആയുധവും റോഡരികില്‍ ഉപേക്ഷിക്കാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം, ജിഷ കൊല്ലപ്പെടുന്നതിനു മുമ്പ് ഉച്ചത്തില്‍ പറഞ്ഞത് ‘ഇതാണ് എനിക്ക് ആരെയും വിശ്വാസമില്ലാത്തത്’ എന്നാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
Post Your Comments