തിരുവനന്തപുരം : മൂന്നാം മുന്നണിയുടെ ശക്തമായ സാന്നിധ്യം പ്രവചനങ്ങള്‍ അസാധ്യമാക്കിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്നു വിധിയെഴുതും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു പോളിങ് സമയം. ആറിനു ക്യുവിലുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. വോട്ടെണ്ണല്‍ നടക്കുന്ന വ്യാഴാഴ്ച ഉച്ചയോടെ ഫലം വ്യക്തമാകും.
പ്രശ്‌നസാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയില്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അക്രമസാധ്യതയുള്ളതിനാല്‍ അതീവ സുരക്ഷയുള്ള 1,233 പോളിങ് സ്‌റ്റേഷനുകളില്‍ 1,042 എണ്ണവും കണ്ണൂരിലാണ്. സംസ്ഥാനത്താകെ പ്രശ്‌നസാധ്യതാ ബൂത്തുകള്‍ 3,176. കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലായി 119 പോളിങ് സ്‌റ്റേഷനുകള്‍ക്കു മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ. മാജി അറിയിച്ചു. 2,60,19,284 വോട്ടര്‍മാരാണു പട്ടികയിലുള്ളത്. ആറന്മുള മണ്ഡലമാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്നില്‍ 2,26,324 പേര്‍.
സംസ്ഥാനത്തൊട്ടാകെ 21,498 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 148 ഓക്‌സിലറി ബൂത്തുകളും ഉണ്ടാകും. ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ മലപ്പുറം ജില്ലയിലാണ് 2,248 എണ്ണം. കുറവ് ബൂത്തുകള്‍ വയനാട് ജില്ലയിലും 470. വോട്ടിങ് മെഷീനിലെ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്‌നത്തിനൊപ്പം ചിത്രവുമുണ്ടെന്നത് ഇക്കുറി പ്രധാന സവിശേഷത.
40 മണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. വനിതകള്‍ 109 പേര്‍. പൂഞ്ഞാര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ 17 പേര്‍. നാലു പേര്‍ മല്‍സരരംഗത്തുള്ള പയ്യന്നൂര്‍, നിലമ്പൂര്‍, കോങ്ങാട്, തരൂര്‍ മണ്ഡലങ്ങളിലാണു സ്ഥാനാര്‍ഥികള്‍ കുറവ്. സംസ്ഥാനത്ത് 120 കമ്പനി കേന്ദ്രസേനയെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കേന്ദ്രസേനയ്ക്കു പുറമേ 52,000 പൊലീസുകാരെയും ജനവിധിയുടെ കാവലിനു നിയോഗിച്ചിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ അക്രമസാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ഡി.സി.സി. നേതൃത്വം ബൂത്ത് ഏജന്റുമാര്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിഴിഞ്ഞം, കൊച്ചി മെട്രോ തുടങ്ങിയ വന്‍കിട വികസന പദ്ധതികളും കാരുണ്യ പോലെയുള്ള ജനക്ഷേമ പരിപാടികളും മദ്യനയവും ചൂണ്ടിക്കാട്ടി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ തുടങ്ങിയ യു.ഡി.എഫിനെ ബാര്‍ കോഴ, സോളാര്‍, ഭൂമിദാനം, പരിസ്ഥിതിവിരുദ്ധ നയങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പ്രതിരോധത്തിലാക്കി. ദേശീയ തലത്തിലുയര്‍ന്ന ഇറ്റാലിയന്‍ ഹെലികോപ്ടര്‍ അഴിമതി ആരോപണവും കേരളത്തിലെത്തി. മദ്യനയത്തിലെ അവ്യക്തതയും നായകനാര് എന്ന ചോദ്യവും ഇടതുപക്ഷത്തെ ബുദ്ധിമുട്ടിലാക്കി
.
മാറിമാറി ഭരിച്ച ഇടത്, വലത് മുന്നണികള്‍ക്കെതിരേ ബി.ഡി.ജെ.എസ്. മുതല്‍ ആദിവാസി നേതാവ് സി.കെ. ജാനുവിനെ വരെ അണിനിരത്തിയ മൂന്നാം മുന്നണിയുമായി ശക്തമായ സാന്നിധ്യമാകാന്‍ ബി.ജെ.പിക്കു കഴിഞ്ഞു. ബംഗാളിലെ സി.പി.എംകോണ്‍ഗ്രസ് കൂട്ടുകെട്ട് വരെ അവര്‍ വിഷയമാക്കി. ആദിവാസി ശിശുമരണ നിരക്ക് ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സൊമാലിയ പരാമര്‍ശം രണ്ടു മുന്നണികളും അവസാന ഘട്ടത്തില്‍ ബി.ജെ.പിക്ക് എതിരായി ആയുധമാക്കിയെങ്കിലും കേരളത്തിലെ ആദിവാസികളുടെ പിന്നാക്കാവസ്ഥ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയാക്കാന്‍ ഈ വിവാദം ഉപകരിച്ചെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ നേതാക്കളും അണികളും സൈബര്‍ സംഘങ്ങളും പോരടിച്ചതാണു മറ്റൊരു സവിശേഷത. ആത്മവിശ്വാസം തുളുമ്പുന്ന മുഖം പുറത്തുകാട്ടുമ്പോഴും അടിയൊഴുക്കുകള്‍ എവിടേക്കെന്ന കാര്യത്തില്‍ എല്ലാ നേതൃത്വങ്ങളും ഇരുട്ടിലാണ്. ജനങ്ങളില്‍ നിന്നുള്ള വ്യക്തമായ മറുപടി ഇന്ന് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ഭദ്രമാകും.
Post Your Comments