NewsIndia

ഹാജി അലി ദര്‍ഗയില്‍ തൃപ്തി ദേശായി പ്രവേശിച്ചു; ലിംഗ സമത്വത്തിനായുള്ള പോരാട്ടം ഇനി ശബരിമലയിലേക്ക് എന്ന് പ്രഖ്യാപനം

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെയാണ് അവര്‍ കനത്ത സുരക്ഷാ വലയത്തില്‍ ദര്‍ഗയിലെത്തിയത് . ‘പൊലീസ് ഞങ്ങള്‍ക്കുവേണ്ടി ഇത്തവണ സഹകരിച്ചു. ലിംഗ സമത്വത്തിനായുള്ള ഒരു പോരാട്ടമാണിത്. അടുത്ത തവണ ശ്രീകോവില്‍ സന്ദര്‍ശിക്കാനായി ശ്രമിക്കും’തൃപ്തി പ്രതികരിച്ചു. തൃപ്തിയേയും ഏതാനും വനിതാ സന്നദ്ധ പ്രവര്‍ത്തകരേയും കഴിഞ്ഞമാസം ദര്‍ഗയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു.

സ്ത്രീകള്‍ക്ക് നിരോധനമുള്ള ഹിന്ദു-മുസ്ലീം ആരാധനാകേന്ദ്രങ്ങള്‍ക്കെതിരേ നിയമ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം വാങ്ങിയ തൃപ്തി നേരത്തേ സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണമുള്ള മഹാരാഷ്ട്രയിലെ ഷാനി ഷിങ്നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാജി അലി ദര്‍ഗയിലും പ്രവേശിച്ചത്. കഴിഞ്ഞ മാസം ദര്‍ഗയില്‍ പ്രവേശിക്കാന്‍ ഇവര്‍ എത്തിയിരുന്നെങ്കിലും പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഏപ്രില്‍ 28 ന് ഇവരുടെ നീക്കം ദര്‍ഗ്ഗയുടെ പരിസരത്ത് വച്ച്‌ തന്നെ തടയപ്പെട്ടു.

ഇന്ന് രാവിലെ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ അധികം ആരേയും അറിയിക്കാതെ തൃപ്തിയും സംഘവും ദര്‍ഗയില്‍ എത്തുകയായിരുന്നു. കനത്ത പൊലീസ് സംരക്ഷണയില്‍ ആയിരുന്നു നടപടിയെന്നതിനാല്‍ കാര്യമായ പ്രതിഷേധം ഉണ്ടായില്ല. ദര്‍ഗ ട്രസ്റ്റ് 2010 ല്‍ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് നിയമം കൊണ്ടുവന്നിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കഴിഞ്ഞ മാസം പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ വിവിധ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും എത്തി തടയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button