മുംബൈ: ഏപ്രില്‍ 30ന് ശേഷം മഹാരാഷ്ട്രയില്‍ നടത്താനിരുന്ന എല്ലാ ഐ.പി.എല്‍ മത്സരങ്ങളുടെയും വേദി മാറ്റി വെക്കാന്‍ കോടതി ഉത്തരവ്. മുംബൈ ഹൈക്കോടതിയാണ് മഹാരാഷ്ട്രയില്‍ നിന്ന് വേദി മാറ്റാനുള്ള സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കടുത്ത വരള്‍ച്ച നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി മൈതാനവും പിച്ചും നനയ്ക്കാനായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
ഫൈനല്‍ ഉള്‍പ്പടെ മെയ് മാസത്തില്‍ 13 മത്സരങ്ങളാണ് മഹാരാഷ് ട്രയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്.മത്സരവേദികള്‍ മാറ്റുന്നത് ഒഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സും പുണെ സൂപ്പര്‍ജയന്റ്‌സ് ടീമും സംയുക്തമായി അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ വരള്‍ച്ചാദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാന്‍ തയാറാണെന്ന് കോടതിയെ അറിയിച്ചു. പുറമെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ 60 ലക്ഷം ലിറ്റര്‍ വെള്ളം സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലത്ത് സൗജന്യമായി വിതരണം ചെയ്യാമെന്നും അറിയിച്ചു. വാദത്തിനിടെ മൈതാനവും പിച്ചും നനയ്ക്കാന്‍ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിച്ചുകൊള്ളാമെന്നും കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പക്ഷേ ഇവയൊന്നും കോടതി കണക്കിലെടുത്തില്ല.വിധി മാനിക്കണോ, എതിർപ്പുമായി സുപ്രീം കോടതിയെ സമീപിക്കണോ എന്ന ആശയക്കുഴപ്പത്തിലാണു ബോർഡ്.
Post Your Comments