International

എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന പാകിസ്ഥാന്‍

ഭീകരാക്രമങ്ങളില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ള ആയിരക്കണക്കിനാളുകളുടെ നഗരമായ പാകിസ്ഥാനിലെ പെഷവാര്‍ നിവാസികളുടെ ഏറ്റവും വലിയ പേടി ഇപ്പോള്‍ എലികളാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എട്ടു കുട്ടികളാണ് എലികള്‍ മൂലം മരിച്ചത്.രാത്രിയാകുമ്പോള്‍ നഗരത്തിലെ പ്രാകൃതമായ അഴുക്കുചാലുകളില്‍ നിന്ന്‍ എലികള്‍ പുറത്തിറങ്ങുകയായി. വാതിലുകളും ജനലുകളും കരണ്ട് അവര്‍ ആഹാരസാധനങ്ങള്‍ തിന്നുതീര്‍ക്കുന്നു. ആശുപത്രികളിലും സ്കൂളുകളിലും വരെ എലികളുടെ കളിയാണ്.

സാധാരണയുള്ളവയെ പോലെയല്ല അവ, ഭയങ്കര വലുപ്പമുള്ള ഈ എലികള്‍ അന്നാട്ടിലെയല്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്വന്തം പ്രശ്നങ്ങള്‍ക്ക് പുറമേയുള്ളവരെ പഴിക്കുന്ന സ്വഭാവക്കാരായ ഈ രാജ്യത്ത് ഇത് ഗൂഢാലോചനകളെ പറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

പൂച്ചകളുടെ വലുപ്പമുള്ള എലികളെ പറ്റിയുള്ള കഥകള്‍ ചരിത്രത്തിലുടനീളം പൊങ്ങി വന്നിട്ടുള്ള ഒന്നാണ്; ശാസ്ത്രകാരന്‍മാര്‍ അപ്പോളെല്ലാം ഇതിനെ തള്ളിക്കളഞ്ഞിട്ടുമുണ്ട്.
ഒരു നോര്‍വെ എലിയുടെ വലുപ്പം 6 മുതല്‍ 8 ഇഞ്ച് വരെയാണ്. എന്നാല്‍ ഏഷ്യയിലെ ചില വര്‍ഗങ്ങള്‍ അതിലും വലുതാകുമെന്നാണ് അറിവ്. അതുകൊണ്ടു തന്നെ എന്തു തരം ജീവികളാണ് പെഷവാറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന്‍ ഉറപ്പിച്ച് പറയാന്‍ വയ്യ.

എങ്കിലും അവിടത്തെ എലി പ്രശ്നത്തിന്‍റെ ഉറവിടം വ്യക്തമാണ്.തെക്കേ ഏഷ്യയിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നായ ഇവിടെ പത്തു ലക്ഷത്തിലധികം ജനങ്ങളാണ് മോശമായി പണിതുയര്‍ത്തിയ കെട്ടിടങ്ങളില്‍ തിങ്ങി ഞെരുങ്ങി കഴിഞ്ഞു കൂടുന്നത്. മൂടാത്ത അഴുക്കു ചാലുകള്‍ തെരുവുകളിയ്ക്കോ ജലപ്രവാഹങ്ങളിലെയ്ക്കോ ആണ് നേരെ തുറക്കുന്നത്.

മാലിന്യങ്ങള്‍ റോഡരികിലോ ആളൊഴിഞ്ഞ ഇടങ്ങളില്‍ തള്ളുന്നു. കടകളുടെ മുന്നില്‍ അറവുകാര്‍ പശുക്കളെയും ആടുകളെയും അറക്കുന്നു. ജനസാന്ദ്രതയേറിയ ഇടങ്ങളുടെ നടുവില്‍ തന്നെ കോഴി ഫാമുകളും ഡയറി ഫാമുകളും കാണാം.

എലികള്‍ക്ക് വളരാന്‍ വേണ്ട എല്ലാ സൌകര്യങ്ങളും ഇങ്ങനെ ഒരുക്കി കൊടുത്തിട്ടാണ് മനുഷ്യകുലത്തിനാകെ ഭീഷണിയായ ഈ പ്രശ്നം തങ്ങള്‍ക്കെങ്ങനെ സംഭവിച്ചു എന്ന് ഇവിടത്തുകാര്‍ അമ്പരക്കുന്നത്.

2010ലും 2012ലും ഉണ്ടായ വെള്ളപ്പൊക്കങ്ങള്‍ പാക്ക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ മലകളിലെ മാളങ്ങളില്‍ നിന്ന് എലികളെ പുറത്തുചാടിച്ചു എന്നാണ് ചിലര്‍ പറയുന്നത്.

മറ്റുചിലര്‍ കരുതുന്നത് അഫ്ഗാനിസ്ഥാനിലെ യു‌എസ് പട്ടാള ബേസുകളില്‍ വളര്‍ന്ന ഇവ പാക്കിസ്ഥാനി ഹൈവേകളിലൂടെ പിന്‍വാങ്ങുന്ന അമേരിക്കന്‍ ട്രക്കുകളില്‍ നിന്ന് പെഷാവാറിലെത്തിയെന്നാണ്.

പാക്കിസ്ഥാനിലെ ഗോത്ര വര്‍ഗ പ്രദേശങ്ങളില്‍ നടന്ന പട്ടാള ആക്രമണത്തെത്തുടര്‍ന്നു അവിടെ നിന്ന് പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ സാധനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവയാണിവ എന്നാണ് മറ്റൊരഭിപ്രായം. ആ ഭാഗങ്ങളില്‍ വളരെ വലുപ്പമുള്ള ഇത്തരം ജീവികള്‍ ഉണ്ടെന്ന കേട്ടുകേള്‍വികള്‍ നൂറ്റാണ്ടുകളായി നിലവിലുള്ളതാണ്.

ജനിതകമായി മാറ്റം വരുത്തിയ ഈ ജീവികളെ മുസ്ലീങ്ങളെ ഭയപ്പെടുത്താനായി അവിടെ കൊണ്ടുവന്നു വിട്ടതാണെന്ന ആരോപണങ്ങളുമുണ്ട്.

കാരണമെന്തു തന്നെ ആയാലും പെഷാവര്‍ ഇപ്പോള്‍ മറ്റൊരു യുദ്ധത്തിനൊരുങ്ങുകയാണ്.എല്ലാ രാത്രികളിലും നഗരം മുഴുവന്‍ എലിവിഷം വയ്ക്കാന്‍ 30 മുന്‍സിപ്പല്‍ ജോലിക്കാരുടെ സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് മേയര്‍. നാട്ടുകാര്‍ക്കും സൌജന്യമായി എലിവിഷം ലഭ്യമാക്കുന്നുണ്ട്.ചത്ത ഓരോ എലിക്കും 25 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

എലികള്‍ മുഖത്ത് കടിച്ചു പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നു ഒരു ശിശു രക്തം വാര്‍ന്ന് മരിച്ചിരുന്നു.3 മാസം പ്രായമായ മറ്റൊരു കുട്ടിയുടെ ഒരു ചെവി എലികള്‍ കടിച്ചെടുത്തതിനെ തുടര്‍ന്നു കുഞ്ഞും മരിച്ചു.പെഷാവറിലെ എലികളുടെ വലിപ്പവും ക്രൌര്യവും ദുരൂഹമായ കാരണങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചു വരുന്നു എന്നാണ് ദേശവാസികള്‍ പറയുന്നത്.

എന്തായാലും നിരവധി തീവ്രവാദി ആക്രമങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള പെഷവാര്‍ ഇനി എലിയെപ്പേടിച്ച് ഇല്ലം ചുടുമോ എന്ന് കണ്ടറിയണം

shortlink

Related Articles

Post Your Comments

Related Articles


Back to top button