രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 25 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുരുകൻ അനിശ്ചിതകാല മൗനവ്രതത്തിൽ.
മുരുകൻ എന്ന വി ശ്രീഹരൻ വ്രതത്തിലൂടെ മുരുകഭഗവാന്റെ ഭക്തസാക്ഷാത്ക്കാരം നേടാനുള്ള ശ്രമത്തിലാണ്. ഭാര്യ നളിനിയും കൂട്ടുപ്രതികളായ അഞ്ചുപേരും ജയിലിൽ ഒപ്പമുണ്ട്. മുരുകൻ അടുത്തിടെയാണ് ആത്മീയജീവിതത്തിൽ താൽപര്യം പ്രകടിപ്പിച്ചത്.
48കാരനായ മുരുകൻ അനിശ്ചിതകാല മൗനവ്രതത്തിലാണെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ പി പുകലേന്തി വെളിപ്പെടുത്തി.തിങ്കളാഴ്ചയോടെ വ്രതാനുഷ്ഠാനം 14 ദിവസമായി. മറ്റുള്ളവരോട് ആംഗ്യത്തിലോ എഴുത്തിലൂടെയോ ആണ് ആശയവിനിമയം.സ്ത്രീകളുടെ പ്രത്യേക തടവറയിൽ കഴിയുന്ന നളിനിയോടുപോലും മൗനംവെടിഞ്ഞിട്ടില്ല. രണ്ടാഴ്ചയിലൊരിക്കലാണ് ഇരുവർക്കും കാണാൻ അവസരം. വ്രതം തുടങ്ങിയശേഷം ആദ്യമായി കണ്ട ഭാര്യയുമായി സംസാരിച്ചത് പേനയും പേപ്പറും ഉപയോഗിച്ചാണ്.
അതേ സമയം, സഹതടവുകാരായ ചുരുക്കം ചിലരെ കാണുമ്പോർ മൗനം ഭഞ്ജിക്കാറുണ്ട്.
ആത്മീയതയ്ക്കനുയോജ്യമായ വസ്ത്രമാണ് മുരുകൻ ധരിക്കാൻ ഇഷ്ടപ്പെടുന്നത്. കാവിമുണ്ടു ധരിച്ച് താടി നീട്ടിവളർത്താൻ ജയിൽ അധികൃതരോട് ആഗ്രഹം പ്രകടിപ്പിച്ചു. മുരുകൻ-നളിനി ദമ്പതികളുടെ മകൾ അടുത്ത ബന്ധുക്കളോടൊപ്പം ചെന്നൈയിലാണ് കഴിയുന്നത്.
Post Your Comments