ഫുട്ബോളിലെ മികവിന്‍റെ അളവുകോല്‍ ലോകകിരീടവിജയമാണെങ്കില്‍ യോഹാന്‍ ക്രൈഫ് പരാജയപ്പെട്ടവനാണ്. ഭൂഗോളത്തെ ഒട്ടാകെ ഒരു ഉത്സവപ്പറമ്പാക്കി മാറ്റുന്ന ഫുട്ബോള്‍ ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തില്‍ ക്രൈഫ് നയിച്ച ഡച്ച്‌പട ആതിഥേയരായ വെസ്റ്റ് ജെര്‍മനിയോട് തോറ്റ് പരാജയത്തിന്‍റെ കയ്പുനീര്‍ കുടിച്ചു. തന്‍റെ മാതൃരാജ്യത്തിനായി ഒരു കിരീടം നേടാന്‍ ക്രൈഫിനായില്ല. പെലെ, മറഡോണ, സിനദിന്‍ സിദാന്‍ തുടങ്ങിയ ഫുട്ബോള്‍ മഹാരഥന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒറ്റനോട്ടത്തില്‍ ക്രൈഫ് പരാജയപ്പെട്ടവനാണ്. മറ്റു മൂന്നു പേരും വ്യക്തിഗത മികവ് കൊണ്ട് സ്വന്തം രാജ്യത്തിനായി ലോകകിരീടം നേടിക്കൊടുത്തവരാണ്. ക്രൈഫിന് അതുസാധിച്ചില്ല.
പക്ഷേ, ക്രൈഫിന്‍റെ കളി ഏതെങ്കിലും വിധത്തില്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം ക്രൈഫ് ഫുട്ബോള്‍ എന്ന കായികരൂപത്തിന് നല്‍കിയ സംഭാവനകള്‍ എന്തെല്ലാമാണെന്ന്. കരുത്തിന്‍റേയും വേഗതയുടേയും വന്യസൗന്ദര്യത്തില്‍ ആറാടിയിരുന്ന ഫുട്ബോളിനെ ഒരു കലാരൂപമാക്കി മാറ്റിയത് ക്രൈഫ് നയിച്ചിരുന്ന 70’കളിലെ ഡച്ച് ടീമാണ്. “നൂറ്റാണ്ടിന്‍റെ കോച്ച്” ആയി ഫിഫ തിരഞ്ഞെടുത്ത റിനസ് മിക്കല്‍സിന്‍റെ ഭാവനയില്‍ വിരിഞ്ഞ “ടോട്ടല്‍ ഫുട്ബോള്‍” എന്ന കേളീശൈലിയെ സമ്പൂര്‍ണ്ണമാക്കി മാറ്റിയത് ക്രൈഫിന്‍റെ അസാധാരണമായ പ്രതിഭയായിരുന്നു. 1974 ലോകകപ്പില്‍ “ടോട്ടല്‍ ഫുട്ബോള്‍” ശൈലി പുറത്തെടുത്ത നെതര്‍ലന്‍റ്സ് ടീമിന്‍റെ മുന്‍പില്‍ മുട്ടുമടക്കിയത് ചില്ലറക്കാരായിരുന്നില്ല. ലോകഫുട്ബോളിലെ രാജാക്കന്‍മാരായ ബ്രസീല്‍, അര്‍ജന്‍റീന, ഈസ്റ്റ് ജെര്‍മ്മനി എന്നിവര്‍ ക്രൈഫിന്‍റെ ഡച്ച് പടയോട് കോര്‍ത്ത് പരാജിതരായി മടങ്ങി. അര്‍ജന്‍റീനയ്ക്കെതിര രണ്ടു വട്ടവും, ബ്രസീലിനെതിരെ ഒരു തവണയും ക്രൈഫിന്‍റെ ബൂട്ട് നിറയൊഴിച്ചു. ഫൈനലില്‍ എതിരാളികളായ വെസ്റ്റ് ജെര്‍മനിയുടെ കളിക്കാര്‍ക്ക് പന്ത് ഒന്നു തൊടാന്‍ പോലുമാകുന്നതിനു മുമ്പ് ഡച്ച് ടീം അവരുടെ വലകുലുക്കി. പക്ഷേ, വിധിയുടെ ഏതോ ഒരു അനാവശ്യ കൈകടത്തല്‍ മൂലം ആ കലാശപോരാട്ടം ഡച്ച്‌ടീം തോറ്റു. ക്രൈഫിന് നേടാന്‍ കഴിയാത്ത ലോകകിരീടം ഹോളണ്ടിനായി നേടാന്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. 1978-ല്‍ അര്‍ജന്‍റീനയോടും, 2010-ല്‍ സ്പെയിനിനോടും ക്രൈഫിന്‍റെ പിന്മുറക്കാര്‍ ലോകകപ്പ് ഫൈനലില്‍ തോല്‍വി വഴങ്ങി.
ഇവിടെ അങ്ങേയറ്റം വേദനാജനകമായ ഒരു കാര്യമുണ്ട്. 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന്‍റെ ഫൈനലില്‍ ആര്യന്‍ റോബന്‍റേയും വെസ്ലി സ്നൈഡറുടേയും മറ്റും മികവില്‍ ഇറങ്ങിയ ഡച്ച്‌ടീം തോറ്റത് ക്രൈഫ് വിഭാവനം ചെയ്ത് ആദ്യം അയാക്സ് ക്ലബ്ബിലൂടെയും പിന്നീട് ബാഴ്‌സലോണയിലൂടെയും ആറ്റിക്കുറുക്കിയെടുത്ത ടിക്കി-ടാക്ക ശൈലിയില്‍ കളിച്ച സ്പെയിനിനോടായിരുന്നു. പക്ഷേ ക്രൈഫിനെ മറ്റേതൊരു ഫുട്ബോള്‍ മഹാരഥനേക്കാളും ഉയരത്തില്‍ പ്രതിഷ്ഠിക്കുന്ന ഒരു വസ്തുതയും ഇവിടെ ഒളിഞ്ഞു കിടക്കുന്നു. ഫുട്ബോള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തനായ, ഏറ്റവും ഭാവനാസമ്പന്നനായ തത്വചിന്തകന്‍ ആണ് ക്രൈഫ് എന്നതാണ് ആ വസ്തുത.
“ടോട്ടല്‍ ഫുട്ബോള്‍” എന്ന കേളീശൈലിയെ ഇന്ന് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ നെഞ്ചേറ്റി കഴിഞ്ഞ ടിക്കി-ടാക്ക ശൈലിയാക്കി മാറ്റിയത് ക്രൈഫ് വിഭാവനം ചെയ്ത ഫുട്ബോള്‍ ചിന്താ പദ്ധതിയാണ്. 1977-ല്‍ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച ക്രൈഫ് 1985 മുതല്‍ 1988 വരെ അയാക്സ് ആംസ്റ്റര്‍ഡാമിനേയും 1988 മുതല്‍ 1996 വരെ ബാഴ്‌സലോണയേയും പരിശീലിപ്പിച്ചു. പരിശീലകനായിരുന്ന ഈ കാലത്ത് ക്രൈഫ് തന്‍റെ ഫുട്ബോള്‍ ഫിലോസഫിക്ക് രൂപം നല്‍കി. ഈ ഫിലോസഫി പിന്തുടര്‍ന്ന അയാക്സ്, ബാഴ്‌സലോണ ടീമുകള്‍ യൂറോപ്പിലെ പല പ്രധാനപ്പെട്ട കിരീടങ്ങളും വിജയിച്ച് കൊണ്ട് ജൈത്രയാത്ര നടത്തി. 90’കളിലെ ലോകഫുട്ബോളിന് തങ്ങളുടെ കളിമികവ് കൊണ്ട് അനശ്വരമുദ്ര ചാര്‍ത്തിയ മാര്‍ക്കോ വാന്‍ ബാസ്റ്റന്‍, ഫ്രാങ്ക് റൈക്കാര്‍ഡ്, ഡെന്നിസ് ബെര്‍ഗ്കാംപ് എന്നിവരെ അയാക്സിലൂടെയും പെപ്പ് ഗാര്‍ഡിയോള, റൊമാരിയോ, ജോര്‍ഗെ ഹാജി, ഹ്രിസ്റ്റോ സ്റ്റോയ്ക്ക്ചോവ് എന്നിവരെ ബാഴ്‌സലോണയിലൂടെയും രാകിമിനുക്കിയെടുത്തത് ക്രൈഫായിരുന്നു.
തന്‍റെ ഫുട്ബോള്‍ ഫിലോസഫിയെപ്പറ്റി ക്രൈഫ് തന്നെ പറയുന്നത്, “കളിക്കുമ്പോള്‍ ആകെ ഒരു പന്തേ ഉള്ളൂ, അത് നിങ്ങളുടെ പക്കല്‍ തന്നെ ആയിരിക്കണം” എന്നാണ്. ഈ ഉള്‍ക്കാഴ്ചയിലൂന്നിയാണ് ടിക്കി-ടാക്ക ശൈലി വികസിക്കുന്നത്. കുറിയ പാസുകളിലൂടെ എതിരാളികള്‍ക്ക് പന്ത് തൊടാന്‍ കൊടുക്കാതെ, ദീര്‍ഘനേരം ക്ഷമയോടെ അക്രമമണങ്ങള്‍ സംഘടിപ്പിക്കുന്ന “പൊസഷന്‍ ഫുട്ബോള്‍” ആണ് ടിക്കി-ടാക്കയുടെ ആത്മാവ്. ഈ ശൈലിയെപ്പറ്റി ക്രൈഫ് പറഞ്ഞിട്ടുള്ള രസകരമായ മറ്റൊരു കാര്യം, “ഫുട്ബോള്‍ കളിക്കുക എന്നുള്ളത് സിമ്പിളാണ്, പക്ഷേ സിമ്പിള്‍ ഫുട്ബോള്‍ കളിക്കുക എന്നുള്ളതാണ് ഏറ്റവും പ്രയാസമേറിയ കാര്യം” എന്നാണ്. താന്‍ പരിശീലിപ്പിക്കുന്ന ടീമുകളില്‍ ഗോളിയാണ് ആദ്യ അക്രമകാരിയായ കളിക്കാരന്‍ എന്നും ഫോര്‍വേഡ് ആണ് ആദ്യ പ്രതിരോധഭടന്‍ എന്നും ക്രൈഫ് പറഞ്ഞിട്ടുള്ളത് കൂടി ഓര്‍ക്കുമ്പോള്‍, ടോട്ടല്‍ ഫുട്ബോളിന്‍റെ കലാപരമായ സൗന്ദര്യം വ്യക്തമാകും.
ക്രൈഫിന്‍റെ ശിഷ്യഗണങ്ങളില്‍ പ്രധാനികളായ ഫ്രാങ്ക് റൈക്കാര്‍ഡ്, പെപ്പ് ഗാര്‍ഡിയോള എന്നിവരാണ് ആധുനികകാലത്ത് ടിക്കി-ടാക്കയിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഇവര്‍ പരിശീലിപ്പിച്ച ലയണല്‍ മെസിയും, ആന്ദ്രേസ് ഇനിയേസ്റ്റയും ചാവി ഹെര്‍ണാണ്ടസും ഉള്‍പ്പെട്ട ബാഴ്‌സലോണ ടീം ഇന്നും ലോകക്ലബ്ബ്ഫുട്ബോളിലെ ശക്തിദുര്‍ഗ്ഗങ്ങളായി നിലകൊള്ളുന്നു. സ്പാനിഷ് ദേശീയടീമിനായി ലൂയിസ് അരഗോണ്‍സും, വിസന്‍റെ ഡെല്‍-ബോസ്ക്കും തങ്ങളുടേതായ ടിക്കി-ടാക്ക ശൈലിയിലൂടെ ലോകഫുട്ബോളിലും മേധാവിത്വം അരക്കിട്ടുറപ്പിച്ചു.
ഒരര്‍ത്ഥത്തില്‍ ഫുട്ബോളിലെ ഒരേയൊരു വിപ്ലവകാരിയാണ് യോഹാന്‍ ക്രൈഫ്. ഫുട്ബോളിനെ സമൂലം മാറ്റിമറിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു ലോകകിരീട വിജയത്തിനും നല്‍കാന്‍ കഴിയാത്ത ലഹരിയാണ് ഫുട്ബോള്‍ ആരാധകര്‍ക്ക് അദ്ദേഹത്തിന്‍റെ പ്രതിഭാവിലാസം ഒരുക്കിക്കൊടുത്തത്. ഇനിയും ഒരുപാട് തലമുറകള്‍ അതങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും. വ്യക്തിഗതമായ കേളീമികവ് കൊണ്ട് നേട്ടങ്ങള്‍ കൊയ്ത ആര്‍ക്കും സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഒരു മികവിന്‍റെ തലത്തിലാണ് ക്രൈഫിന്‍റെ വാസം.
തന്‍റെ പ്രിയപ്പെട്ട ബാഴ്‌സലോണ നഗരത്തില്‍, 68-ആം വയസില്‍ ശ്വാസകോശാര്‍ബുദത്തിന് മുന്നില്‍ കീഴടങ്ങി മരണത്തെ പുല്‍കിയപ്പോഴും ക്രൈഫ് നടത്തിയിട്ടുള്ള തത്വചിന്താപരമായ ഒരു വീക്ഷണമാണ് മനസ്സില്‍ മുഴങ്ങുന്നത്
“ഫുട്ബോള്‍ എനിക്ക് എല്ലാം തന്നു, പക്ഷേ ടൊബാക്കോ അതെല്ലാം ഏതാണ്ട് തിരികെയെടുത്തു”.
Post Your Comments