IndiaNews

തമിഴ്‌നാട് ദുരഭിമാനക്കൊല: ബന്ധമൊഴിയാന്‍ കൗസല്യയുടെ വീട്ടുകാര്‍ ശങ്കറിന് വാഗ്ദാനം ചെയ്തിരുന്നത് വന്‍ തുക

കൗസല്യയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ കൗസല്യയുടെ വീട്ടുകാര്‍ 10 ലക്ഷം രൂപ ശങ്കറിന് വാഗ്ദാനം ചെയ്തിരുന്നതായി പൊലീസ്. എന്നാല്‍ ഈ പണം വാങ്ങാന്‍ ശങ്കര്‍ സമ്മതിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. കുമാരലിംഗം സ്വദേശി വേലുസ്വാമിയുടെ മകന്‍ ശങ്കര്‍ ഞായറാഴ്ചയാണ് വെട്ടേറ്റു മരിച്ചത്. കേസില്‍ യുവതിയുടെ പിതാവ് പഴനി സ്വദേശി ചിന്നസ്വാമി ഇന്നലെ കോടതിയില്‍ കീഴടങ്ങിയിരുന്നു.

എട്ട് മാസം മുന്‍പാണ് ശങ്കറും കൗലസ്യയും വിവാഹിതരായത്. കുടുംബാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായത്. ഇതേതുടര്‍ന്ന് കൗസല്യയുടെ മാതാപിതാക്കളും ബന്ധുക്കളും ഒരുമാസം മുന്‍പ് ശങ്കറിന്റെ വീട്ടിലെത്തി സംസാരിച്ചെങ്കിലും അത് തര്‍ക്കത്തിന് വഴിമാറി. കൗസല്യയെ വിട്ടുതന്നാല്‍ ശങ്കറിന് പത്തുലക്ഷം രൂപ നല്‍കാമെന്ന് കൗസല്യയുടെ വീട്ടുകാര്‍ വാഗ്ദാനം ചെയ്തു. ശങ്കറിന് പണം ആവശ്യമില്ലെന്നും ജീവനുള്ളിടത്തോളം കാലം ശങ്കറിനൊപ്പം ജീവിക്കുമെന്നും കൗസല്യ പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് കൗസല്യയുടെ മാതാപിതാക്കള്‍ ശങ്കറിന്റെ വീട്ടില്‍ വീണ്ടും എത്തുകയും കൗസല്യയോടു വീട്ടിലേക്കു മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. മടങ്ങാന്‍ വിസമ്മതിച്ച കൗസല്യയോട് ഇനി നിങ്ങള്‍ക്ക് എന്തു സംഭവിച്ചാലും ഞങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നു പറഞ്ഞു രക്ഷിതാക്കള്‍ മടങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം രണ്ട് യുവാക്കള്‍ വീട്ടിലെത്തി ശങ്കറിനോടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ ശങ്കറിന്റെ പിതാവ് അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വെട്ടേറ്റ കൗസല്യയെ അതീവഗുരുതരാവസ്ഥയില്‍ ഉദുമലപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം ഇരുവരേയും വെട്ടുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button