ബെംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാട് സർക്കാരിന് കൈമാറും. ഈ മാസം 14,15 തീയതികളിലാണ് സ്വത്തുക്കളുടെ കൈമാറ്റം. ഇതിനായി തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ ഈ ദിവസങ്ങളിൽ കോടതിയിൽ എത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ പിടിച്ചെടുത്ത സ്വത്ത് വകകളാണ് ഇപ്പോൾ കൈമാറുന്നത്.
1996ൽ ചെന്നൈ പോയസ് ഗാർഡനിലെ വസതി റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത സ്വത്തുക്കളാണ് തമിഴ്നാട് സർക്കാരിന് കൈമാറാൻ സിബിഐ തയ്യാറാകുന്നത്. 27 കിലോ സ്വർണാഭരണങ്ങൾ, വജ്രങ്ങൾ, 11,344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവയാണ് കൈമാറുന്നത്. തമിഴ്നാട് പൊലീസായിരുന്നു ഇവ റെയ്ഡ് നടത്തി പിടിച്ചെടുത്തത്.
സ്വത്തിൽ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ.ദീപ, ജെ.ദീപക്ക് എന്നിവരുടെ വാദം കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയാണ് തമിഴ്നാട് പൊലീസ് പിടിച്ചെടുത്ത സ്വത്ത് കർണാടക സർക്കാരിന്റെ കസ്റ്റഡിയിലായത്.
Post Your Comments