“സാത്താന്‍റെ വചനങ്ങള്‍” എന്ന പുസ്തകം എഴുതിയതിന് 1989-ല്‍ ഇന്തോ-ബ്രിട്ടീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ കല്പിച്ചു കൊണ്ട് ഇറാനില്‍ പുറപ്പെടുവിച്ച ഫത്വ പ്രകാരമുള്ള പാരിതോഷികം ഇറാന്‍റെ ഗവണ്മെന്‍റ് ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങള്‍ വര്‍ദ്ധിപ്പിച്ചു. വിവിധ ഇറാനിയന്‍ മാധ്യമസ്ഥാപനങ്ങളും, മതസംഘടനകളും നാളിതുവരെ റുഷ്ദിയെ വധിക്കാന്‍ പ്രഖ്യാപിച്ചിട്ടുള്ള മൊത്തം പാരിതോഷികം $600,000 ( ഏകദേശം Rs 4-കോടി 11-ലക്ഷം) വരും. റുഷ്ദിയുടെ പുസ്തകം ദൈവനിന്ദകള്‍ നിറഞ്ഞതാണെന്നാരോപിച്ച് ഇറാന്‍റെ ആത്മീയാചാര്യനും 1979-ലെ ഇസ്ലാമിക വിപ്ലവത്തിന്‍റെ നേതാവുമായ അയത്തൊള്ള റൂഹൊള്ള ഖൊമേനിയാണ് രചയിതാവിനെ വധിക്കാന്‍ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് ഫത്വ പുറപ്പെടുവിച്ചത്. ഫത്വ പുറത്തുവന്ന കാലം മുതല്‍ നിരവധി വര്‍ഷക്കാലം റുഷ്ദിക്ക് ഒളിവില്‍ക്കഴിയേണ്ടി വന്നു.
കടുംപിടുത്തക്കാരായ ഇറാനിയന്‍ ആത്മീയവാദികള്‍ പറയുന്നത് ഖൊമേനിയുടെ കല്‍പ്പന പിന്‍വലിക്കാനാവാത്തതാണെന്നും, അദ്ദേഹത്തിന്‍റെ മരണശേഷം അത് അനശ്വരവുമാണെന്നാണ്. അതിസമ്പന്നരായ ഒരു ഇറാനിയന്‍ മതസംഘടന, ഫത്വ നടപ്പാക്കുന്നവര്‍ക്ക് $2.7-മില്ല്യന്‍ പാരിതോഷികം പ്രഖ്യാപിക്കുകയും, 2012-ല്‍ അത് $3.3-മില്യനായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഭാഗികമായി ഗവണ്മെന്‍റ് നിയന്ത്രണത്തിലുള്ള ഫാര്‍സ് വാര്‍ത്താ എജന്‍സി പാരിതോഷിക തുക ഉയര്‍ത്താന്‍ സംഭാവന നല്‍കാന്‍ തയാറുള്ള 40 സ്ഥാപനങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫാര്‍സ് തന്നെ $30,000 വാഗ്ദാനം ചെയ്തു കഴിഞ്ഞു.
“ഫത്വയുടെ 27-ആം വാര്‍ഷികത്തില്‍ $600,000-മായി പാരിതോഷികം ഉയര്‍ത്തിയത് അത് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് കാണിക്കാനാണ്,” സെറാജ് സൈബര്‍സ്പെയ്സ് ഓര്‍ഗനൈസേഷന്‍റെ തലവന്‍ മന്‍സൂര്‍ അമീരി പറഞ്ഞു.
ഇറാനിയന്‍ വിപ്ലവത്തിന്‍റെ മൂല്യസംരക്ഷണ ചുമതലയുള്ള റെവല്യൂഷണറി ഗാര്‍ഡ്സുമായി ബന്ധമുള്ള ബസിജ് സന്നദ്ധസേനയുടെ ഭാഗമാണ് സെറാജ് സൈബര്‍സ്പെയ്സ് ഓര്‍ഗനൈസേഷന്‍.
തനിക്കെതിരെയുള്ള ഫത്വയില്‍ സംഭവിച്ച ഈ പുതിയ മാറ്റത്തെക്കുറിച്ച് റുഷ്ദിക്ക് അഭിപ്രായമൊന്നുമില്ലെന്ന് അദേഹത്തിന്‍റെ എജെന്‍റ് അറിയിച്ചു.
Post Your Comments