പോള്‍ കാര്ബറിയേയും അദ്ദേഹത്തിന്റെ കാര്‍ബറി ബുള്ളറ്റിനേയും പറ്റി അധികമാരും കേട്ടിരിക്കാന്‍ വഴിയില്ല. എന്നാല്‍ ഓസ്ട്രേലിയയില്‍ പോള്‍ പ്രശസ്തനാണ്. എന്തിനെന്നോ? 1000 സി.സിയുടെ ബുള്ളറ്റ് നിര്‍മ്മിക്കുന്നതിന്റെ പേരില്‍. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ 1000 സി.സിയുടെ എഞ്ചിന് ഘടിപ്പിച്ച് വില്‍ക്കുന്ന കാര്‍ബെറി ബുള്ളറ്റ് ഇന്ത്യയിലേക്കെത്തുന്നു.
ഓസ്ട്രേലിയയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഛത്തീസ്ഗഢിലുള്ള ബിഹാലിയില്‍ പുതിയ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ കമ്പനി ഒരുങ്ങുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോള്‍ കാര്‍ബറി തന്നെയാണ് കമ്പനി ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിക്കുന്ന വിവരം അറിയിച്ചത്. ഇതിനായി ഇന്ത്യയില്‍ നിന്ന് ഒരു നിക്ഷേപകനെ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. റോയല്‍ എന്‍ഫീല്‍ഡിന്റെ ഘടകങ്ങള്‍ ഉപയോഗിച്ചാണ് കാര്‍ബെറി ബുള്ളറ്റ് നിര്‍മ്മിക്കുന്നത്. ബുള്ളറ്റിന്റെ 500സി.സി എഞ്ചിനെ ആധാരമാക്കിയാണ് 998 സി.സി വി ട്വിന്‍ എഞ്ചിന് നിര്‍മ്മിക്കുന്നത്. 55 ഡിഗ്രി എയര്‍കൂള്‍ഡ്, 4 വാല്‍വ് എഞ്ചിന്, 4800 ആര്.പി.എമ്മില്‍ 49.6 ബി.എച്ച്.പി കരുത്തുല്പാദിപ്പിക്കും. ഇത്തരത്തിലുള്ള നിരവധി ബൈക്കുകള്‍ കാര്‍ബെറി എന്‍ഫീല്‍ഡ് ഓസ്ട്രേലിയയില്‍ വിറ്റിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശം.
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഈറ്റില്ലമായ ഇന്ത്യയിലെത്തുമ്പോള്‍ കുറേക്കൂടി എളുപ്പത്തിലും ചെലവ് കുറച്ചും ബൈക്ക് നിര്‍മ്മിക്കാമെന്നാണ് പോള്‍ കരുതുന്നത്. ഇന്ത്യയില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെങ്കിലും 1000 സി.സി ബുള്ളറ്റിന്റെ വിലയും മറ്റ് വിവരങ്ങളും പോള്‍ പുറത്തു വിട്ടിട്ടില്ല.
Post Your Comments