കാക്കനാട്: നിയമലംഘനങ്ങൾ എഐ ക്യാമറയുടെ കണ്ണിൽ പെടാതിരിക്കാൻ ബുള്ളറ്റിന്റെ രണ്ടു നമ്പർപ്ലേറ്റും സ്റ്റിക്കറൊട്ടിച്ച് മറച്ച് സവാരി നടത്തിയ യുവാവിന് എട്ടിന്റെ പണി. ഒട്ടിച്ച സ്റ്റിക്കറുമായി കറങ്ങി നടന്ന യുവാവ് ഒടുവില്‍ ചെന്നു ചാടിക്കൊടുത്തത് കളക്ടറേറ്റിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു മുന്നിലാണ്. സ്പോട്ടിൽ ഉദ്യോഗസ്ഥർ യുവാവിന് പണി കൊടുത്തു. 15,250 രൂപ പിഴയാണ് ഉദ്യോഗസ്ഥർ ചുമത്തിയത്.
പെരുമ്പാവൂർ സൗത്ത് വാഴക്കുളം സ്വദേശിയായ യുവാവാണ് കുടുങ്ങിയത്. സിവിൽ സ്റ്റേഷനിലെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ മറ്റൊരു വിഷയത്തിൽ പിഴയടക്കാനെത്തിയതായിരുന്നു യുവാവ്.
കളക്ടറേറ്റിലെ പരേഡ് ഗ്രൗണ്ടിനടുത്ത് ബുള്ളറ്റ് വെച്ച് ഇയാൾ അകത്തേക്ക് പോയി. ഇതേ സമയമാണ് മോട്ടോർ വാഹന വകുപ്പിന്റെ പതിവ് ബോധവത്കരണ ക്ലാസ് കഴിഞ്ഞ് എറണാകുളം ആർടി ഓഫീസിലേക്ക് മടങ്ങിയ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ ഡൊമിനിക്, അസി. ഇൻസ്പെക്ടർമാരായ മനോജ്, സഗീർ എന്നിവരുടെ ശ്രദ്ധയിൽ ബുള്ളറ്റിന്റെ നമ്പർപ്ലേറ്റ് പെട്ടത്.
മുന്നിലും പിന്നിലും നമ്പർ കാണേണ്ടിടത്ത് സ്റ്റിക്കർ ഒട്ടിച്ച നിലയിലായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ചേർന്ന് സ്റ്റിക്കർ ഇളക്കിമാറ്റി, നമ്പർ കണ്ടെത്തുകയും ഇതുവഴി ഉടമസ്ഥനെ ബന്ധപ്പെടുകയും ചെയ്തു.
യുവാവിന്റെ പിതാവിന്റെ പേരിലായിരുന്നു വാഹനം. ഇയാൾ മൊബൈൽ നമ്പർ നൽകിയതിന്റെ അടിസ്ഥാനത്തിൽ കളക്ടറേറ്റിലുണ്ടായിരുന്ന യുവാവിനെ ഉദ്യോഗസ്ഥർ അടുത്തേക്ക് വിളിച്ചുവരുത്തി. ഇയാളോട് കാരണമന്വേഷിച്ചപ്പോഴാണ് എഐ ക്യാമറയുടെ കണ്ണുവെട്ടിക്കാനാണ് സ്റ്റിക്കറെന്ന് യുവാവ് മറുപടി നൽകിയത്.
ഇതുകൂടാതെ കണ്ണാടിയില്ലാത്തതും സൈലൻസറിൽ രൂപമാറ്റം വരുത്തിയതുമുൾപ്പടെ നിയമലംഘനങ്ങളും ബുള്ളറ്റിലുണ്ടായിരുന്നു. എല്ലാത്തിനുമായി 15,250 രൂപയോളം പിഴ ചുമത്തി. യുവാവ് പിഴയടച്ചെങ്കിലും രണ്ടാഴ്ചക്കുള്ളിൽ മറ്റു നിയമലംഘനങ്ങൾ പരിഹരിച്ച് ബുള്ളറ്റ് ഹാജരാക്കാൻ ആർടിഒ നിർദേശം നൽകി. ഇല്ലെങ്കിൽ ആർസി റദ്ദാക്കുമെന്ന മുന്നറിയിപ്പും യുവാവിന് നൽകിയിട്ടുണ്ട്.
Post Your Comments