തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യു.ഡി.എഫിൽനിന്നും എൽ.ഡി.എഫിലേക്കുള്ള ജോസ്.കെ.മാണിയുടെ ചാട്ടം പിഴയ്ക്കുമെന്നും കേരള കോൺഗ്രസ് (എം) മുന്നണി മാറിയത് യു.ഡി.എഫിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ. പ്രാദേശിക തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മുന്നണിയിലെത്തിയതിന്റെ പ്രയോജനം കുറച്ചൊക്കെ എൽ.ഡി.എഫിനു കിട്ടിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അതുണ്ടാകുമെന്നു കരുതുന്നില്ലെന്നും ഹസ്സൻ മലയാള മനോരമയിൽ പറഞ്ഞു .
ജോസ്. കെ. മാണി പോയതിനെത്തുടർന്ന് യു.ഡി.എഫിനെതിരെ ക്രിസ്ത്യൻ വിഭാഗത്തിൽ വികാരം ശക്തിപ്പെട്ടുവെന്നായിരുന്നു പ്രചാരണമെന്നും, എന്നാൽ ചങ്ങനാശേരി, തൃശൂർ ബിഷപ്പുമാർ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ പുറപ്പെടുവിച്ച പ്രസ്താവനകളോടെ അത് അസ്ഥാനത്തായെന്നും അദ്ദേഹം പറഞ്ഞു.
‘അഴിമതിക്കും അക്രമത്തിനും വർഗീയതയ്ക്കും എതിരെ ജനവികാരം പ്രതിഫലിക്കണമെന്ന ആഹ്വാനമാണ് ഇവരിൽനിന്നുണ്ടായത്. പ്രാദേശിക തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ചെന്നതിന്റെ പ്രയോജനം കുറച്ചൊക്കെ എൽ.ഡി.എഫിനു കിട്ടിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അതുണ്ടാകുമെന്നു കരുതുന്നില്ല’. എം.എം. ഹസ്സൻ പറഞ്ഞു.
‘എൽ.ഡി.എഫിലെ ഓരോ കക്ഷിക്കും എത്ര സീറ്റ് എന്ന വിലയിരുത്തൽ നടത്തിയിട്ടില്ല. എന്തായാലും ജോസ് കെ.മാണി മത്സരിച്ച പാലായിൽ അദ്ദേഹം തോൽക്കും. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പൂഞ്ഞാർ, കടുത്തുരുത്തി എന്നിവിടങ്ങളിലെല്ലാം വിജയപ്രതീക്ഷയിലാണ്. ഏഴോളം സീറ്റുകൾ കോട്ടയത്ത് യു.ഡി.എഫിനു കിട്ടുന്നതോടെ മുന്നണി വിട്ട അവരുടെ തീരുമാനം പിഴയ്ക്കും’. എം.എം. ഹസ്സൻ വ്യക്തമാക്കി. ജോസ് കെ. മാണിയും പി.ജെ. ജോസഫും തമ്മിലുള്ള മത്സരത്തിൽ പി.ജെ. ജോസഫിന് മുൻതൂക്കം ലഭിക്കുമെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.
Post Your Comments