
ന്യൂഡൽഹി: ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് 2020–21 സാമ്പത്തിക വർഷം സംഭാവനയായി ലഭിച്ചത് 124.53 കോടി രൂപയെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിലാണ് കണക്കുള്ളത്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കുകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് പുറത്തുവിട്ടത്. പ്രാദേശിക കക്ഷികളിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് ജെഡിയുവിനാണ്, 60.15 കോടി രൂപ.
ഡിഎംകെ (33.9 കോടി), ആം ആദ്മി പാർട്ടി (11.3 കോടി) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഡിഎംകെയ്ക്കാണ് ഏറ്റവും കൂടുതൽ തുക പണമായി കിട്ടിയത്, 1.31 കോടി രൂപ. ഡിഎംകെയ്ക്ക് മുൻവർഷം ആകെ കിട്ടിയത് 2.81 കോടി രൂപയായിരുന്നു. സംഭാവനയിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായതും ഡിഎംകെയ്ക്കാണ്.
അതേസമയം, നാലാം സ്ഥാനത്തുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന് 4.16 കോടി രൂപയാണു സംഭാവന ലഭിച്ചത്. ഇതിൽ 63.78 ലക്ഷം രൂപ പണമായാണു കിട്ടിയത്. ഇവർക്ക് ഇത്തവണ സംഭാവന നേർപകുതിയായി കുറഞ്ഞു. മുൻ വർഷം 8.81 കോടി രൂപയാണു ലീഗിനു സംഭാവന കിട്ടിയത്. കേരള കോൺഗ്രസിന് (എം) 69 ലക്ഷം രൂപ കിട്ടി.
Post Your Comments