ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും കംഗാരു പടയെ വിറപ്പിച്ചത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ബുംറയുടെ അവസാന ഓവറിലെ കിടിലന്‍ ബൗളിങ്ങായിരുന്നു ഇന്ത്യയെ ജയത്തോടടുപ്പിച്ചത്. അനായാസ വിജയത്തിലേക്ക് ബാറ്റ് വീശിയ ഓസീസിനെതിരെ 19ാം ഓവറില്‍ ബുംറ വഴങ്ങിയത് വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു. അവസാന രണ്ടോവറില്‍ ആസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. എളുപ്പത്തില്‍ വിജയം മോഹിച്ച ഓസീസിനെ ബുംറ തീപ്പന്തുകളിലൂടെ വിയര്‍പ്പിച്ചു. വെറും രണ്ട് റണ്‍സ് വഴങ്ങിയ ബുംറ ആ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ രണ്ട് വിക്കറ്റുകളും പിഴുതു.
മൊത്തം നാലോവറുകള്‍ എറിഞ്ഞ ബുംറ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തെങ്കിലും ഇന്ത്യയെ രക്ഷിക്കാനായില്ല. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സ് നേടി ആസ്ട്രേലിയ മത്സരം സ്വന്തമാക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ബുംറ ലക്ഷ്യമിടുന്നത് ഇന്ത്യയുടെ വിജയം മാത്രമല്ല, മറ്റൊരു ചരിത്ര നേട്ടം കൂടിയാണ്. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ ബോളര്‍ എന്ന ലക്ഷ്യത്തിനരികെയാണ് ബുംറ. രണ്ടു വിക്കറ്റുകള്‍ കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ ബോളറെന്ന ആര്. അശ്വിന്റെ റെക്കോര്‍ഡ് ബുംറക്ക് സ്വന്തം പേരിലേക്ക് മാറ്റിയെഴുതാനാകും. 52 വിക്കറ്റുകളാണ് അശ്വിന് നേടിയിട്ടുള്ളത്. ബുധനാഴ്ച ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാമത്തേതും അവസാനത്തേതുമായ ട്വന്റി20 മത്സരത്തിന് ഇന്ത്യ ഇറങ്ങുക.
Post Your Comments