ഹൈദരാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ അവസാന അങ്കം ഇന്ന്. ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ഹൈദരാബാദിലാണ് മത്സരം. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് നിൽക്കുന്നതിനാൽ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. ആദ്യ മത്സരത്തിൽ ഇന്ത്യയെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയപ്പോൾ രണ്ടാം ടി20യിൽ തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തുകയായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചടുത്തോളം ബൗളിംഗ് നിരയാണ് പ്രധാനമായും പ്രശ്നമുണ്ടാക്കുന്നത്. ഹര്‍ഷല്‍ പട്ടേലും യുസ്‌വേന്ദ്ര ചാഹലുമാണ് ബൗളിംഗില്‍ ഇന്ത്യയെ പ്രധാനമായും അലട്ടുന്നത്. സീനിയർ ബൗളർ ഭുവനേശ്വർ കുമാറിന്‍റെ കാര്യത്തിലും അവസ്ഥ സമാനമാണ്. പരിക്ക് മാറി തിരിച്ചെത്തിയ ജസ്പ്രീത് ബുംറയും അക്സർ പട്ടേലുമാണ് നിലവിൽ വലിയ ആശ്വാസം പകരുന്നത്. അക്സര്‍ ആദ്യ മത്സരത്തില്‍ മൂന്നും രണ്ടാം മത്സരത്തില്‍ രണ്ടും വിക്കറ്റെടുത്തിരുന്നു.
രണ്ടാം മത്സരം എട്ട് ഓവറാക്കി ചുരുക്കിയതിനാൽ നാല് സ്പെഷലിസ്റ്റ് ബൗളര്‍മാരെയും ഹര്‍ദ്ദിക് പാണ്ഡ്യയെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാറിന് പകരം റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. വിക്കറ്റ് കീപ്പറായെങ്കിലും ബാറ്റിംഗിന് പന്തിന് ഇറങ്ങേണ്ടിവന്നിരുന്നില്ല. രണ്ട് പന്തില്‍ 10 റണ്‍സുമായി അവസാന ഓവറില്‍ മത്സരം ഫിനിഷ് ചെയ്ത ദിനേശ് കാര്‍ത്തിക് ടീമിൽ തുടരാനാണ് സാധ്യത.
ഭുവനേശ്വര്‍ കുമാര്‍ ടീമിൽ തിരിച്ചെത്തിയാല്‍ റിഷഭ് പന്ത് പുറത്തിരിക്കേണ്ടി വരും. ഹര്‍ദ്ദിക് പാണ്ഡ്യക്കും ഇതുവരെ ബൗളിംഗിൽ ഫോമിലേക്ക് ഉയരാനായിട്ടില്ല. യുസ്‌വേന്ദ്ര ചാഹലിന് പകരം മൂന്നാം മത്സരത്തിൽ ആര്‍ അശ്വിനെ കളിപ്പിക്കാനാണ് സാധ്യത. ഹര്‍ഷലിന് താളം കണ്ടെത്താന്‍ ഇന്നത്തെ മത്സരത്തില്‍ അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ ഭുവനേശ്വറും ബുമ്രയും ഹര്‍ഷലുമാകും പേസ് നിരയിലുണ്ടാകുക.
Read Also:- ദിവസവും ഭക്ഷണത്തോടൊപ്പം അയമോദകം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
മറുവശത്ത് ഓസ്ട്രേലിയൻ ടീമിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ബാറ്റിംഗ് നിരയിൽ കാമറൂൺ ഗ്രീൻ ആദ്യ മത്സരത്തിൽ തിളങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ നിരാശപ്പെടുത്തി. ബൗളിംഗിൽ ആദം സാംബയാണ് ഓസ്ട്രേലിയൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ടെസ്റ്റ് നായകൻ പാറ്റ് കമ്മിൻസും ജോസ് ഹെയ്സൽവുഡും ഒഴികെയുള്ളവർ അന്തിമ ഇലവനിൽ ഇടം കണ്ടെത്തുമോയെന്ന് കണ്ടറിയണം.
Post Your Comments