ന്യൂഡല്‍ഹി:ആധാര്‍ കാര്‍ഡുടമയെ തിരിച്ചറിയാന്‍ പുതിയ സംവിധാനമൊരുക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നതിനു പകരം വരുന്ന ജൂലൈ 1 മുതല്‍ ഉപഭോക്താക്കളുടെ മുഖവും തിരിച്ചറിയല്‍ അടയാളമായി ഉപയോഗപ്പെടുത്തുമെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കി.
‘ഫേസ് ഓഥന്റിക്കേഷന് എന്ന സാങ്കേതികതയിലൂടെ തിരിച്ചറിയല്‍ സംവിധാനത്തില്‍ പുതിയ നാഴികക്കല്ല് അവതരിപ്പിക്കുകയാണ് യു.ഐ.ഡി.എ.ഐ. വിരലടയാളം ഉപയോഗിച്ചുള്ള തിരിച്ചറിയല്‍ മാര്‍ഗങ്ങളുടെ പരിമിതികളെ മറികടക്കാന്‍ പുതിയ സംവിധാനം സഹായിക്കും. ജൂലൈ 1 മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിലാവുക’ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ അജയ് പാണ്ഡേ ട്വിറ്ററിലൂടെ അറിയിച്ചു.
ആധാര്‍ എന്റോള്‍ ചെയ്യുന്ന സമയത്ത് വ്യക്തിയുടെ മുഖത്തിന്റെ ഫോട്ടോയും രേഖയായി റെക്കോഡ് ചെയ്യപ്പെടുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. നിലവില്‍ ഫോട്ടോ എടുക്കാറുണ്ടെങ്കിലും ആധാര്‍ പ്രേജക്ടിലെ രേഖകള്‍ സൂക്ഷിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി സെന്‍ട്രല്‍ ഐഡന്റിറ്റീസ് ഡേറ്റാ റെപ്പോസിറ്ററിയിലേക്ക് അത് രേഖയായി കൈമാറാറില്ല.
ജൂലൈ മുതല്‍ നിലവില്‍ രേഖപ്പെടുത്തുന്ന ബയോമെട്രിക് അടയാളങ്ങളായ വിരലടയാളത്തിന്റെയോ കൃഷ്ണമണിയുടെയോ രേഖകള്‍ക്കൊപ്പമായിരിക്കും മുഖവും തിരിച്ചറിയല്‍ രേഖയായി സൂക്ഷിക്കുക. ആധാറിലൂടെ വ്യക്തിയെ കൃത്യമായി തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും.
യഥാര്‍ത്ഥ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നതിനു പകരം വ്യക്തികള്‍ക്ക് വെര്‍ച്വല്‍ ഐഡി ഉപയോഗിക്കാനുള്ള സംവിധാനം മാര്‍ച്ച് ഒന്നു മുതല്‍ രാജ്യത്ത് നിലവില്‍ വരുമെന്ന് യു.ഐ.ഡി.എ.ഐ നേരത്തേ അറിയിച്ചിരുന്നു. ആധാര്‍ സുരക്ഷിതമല്ലെന്ന വ്യാപക വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.
Post Your Comments