ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി ഉടൻ അവസാനിക്കും. ഇന്ത്യൻ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. അതുകൊണ്ടുതന്നെ ആധാർ കാർഡിലെ വിവരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്. 2024 മാർച്ച് 14 വരെയാണ് സൗജന്യമായി ആധാർ കാർഡ് പുതുക്കാൻ സാധിക്കുക. അതിനാൽ, നിശ്ചിത തീയതിക്ക് മുൻപ് തന്നെ ആധാറിലെ വിവരങ്ങൾ നിർബന്ധമായും പുതുക്കേണ്ടതാണ്. മാർച്ച് 14 വരെ പണം ഈടാക്കാതെയാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുക.
2023 ഡിസംബറിൽ സൗജന്യമായി ആധാർ പുതുക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു. എന്നാൽ, പൗരന്മാരുടെ ആവശ്യപ്രകാരം സമയപരിധി വീണ്ടും മൂന്ന് മാസത്തേക്ക് നീട്ടി നിൽക്കുകയായിരുന്നു. മാർച്ച് 14ന് ശേഷവും ആധാർ പുതുക്കാൻ സാധിക്കുമെങ്കിലും, ഇതിനായി പണം നൽകേണ്ടിവരും. സൗജന്യമായി ആധാർ പുതുക്കാൻ ആഗ്രഹിക്കുന്നവർ ഈ കാലയളവ് പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്. myAadhar പോർട്ടലിൽ മാത്രമേ സൗജന്യ സേവനം ലഭിക്കുകയുള്ളൂ. പേര്, ജനനത്തീയതി, മേൽവിലാസം തുടങ്ങിയ ജനസംഖ്യ പരമായ വിവരങ്ങളാണ് ഓൺലൈനായി തിരുത്താൻ കഴിയുക. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ സേവാ കേന്ദ്രങ്ങളിൽ പോകേണ്ടി വരും.
Also Read: ഇടിവിന് വിരാമം! സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില
Post Your Comments