കെ.കെ മഞ്ചേരി
മഞ്ചേരി: രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ചുമയും ഇതോടൊപ്പം വിട്ടുമാറാത്ത പനി , തൂക്കം കുറയല്‍, കഫത്തില്‍ രക്തത്തിന്റെ അടയാളം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ക്ഷയരോഗ നിര്‍ണയത്തിനായി കഫ പരിശോധന നടത്തണമെന്ന് ജില്ലാ ടിബി ഓഫിസര്‍ പറഞ്ഞു. ജില്ലയില്‍ 50 അംഗീകൃത കഫ പരിശോധനാ കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തൊട്ടടുത്തുള്ള പി.എസ്.സികളില്‍ നിന്നും ഏറ്റവും അടുത്തുള്ള കഫപരിശോധന കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യമുണ്ട്. ഗുരുതരമായ ടിബി രോഗം ബാധിച്ചവരുടെ കഫം പരിശോധിക്കാന്‍ മഞ്ചേരി ക്ഷയരോഗ ആശുപത്രിയില്‍ അത്യാധുനിക സംവിധാനവുമുണ്ട്.
2106ലെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 2000 ടിബി രോഗികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതേസമയം ജില്ലയില്‍ കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്ക് അതിനുള്ള സൗകര്യം ജില്ലയില്‍ ഇതുവരെയും യാതാര്‍ഥ്യമായിട്ടില്ല. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നേരത്തെ കിടത്തി ചികിത്സ സൗകര്യം ഉണ്ടായിരുന്നങ്കിലും മെഡിക്കല്‍ കോളജായി ഉയര്‍ത്തപ്പെട്ടതിനു ശേഷം ടിബി രോഗികള്‍ക്കു കിടത്തി ചികിത്സക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാനായിട്ടില്ല.
സാധാരണ ടിബി രോഗികള്‍ക്ക് കിത്തിചികിത്സ ആവശ്യമായി വരുന്നില്ലെങ്കിലും ടിബിയോടൊപ്പം ശ്വാസംമുട്ട്, തലച്ചോറിനു ടിബി ബാധിച്ചവര്‍ തുടങ്ങിയവര്‍ക്കെല്ലാം പലപ്പോഴും കിടത്തി ചികിത്സ ആവശ്യമായിവരുന്നുണ്ട്. എന്നാല്‍ ഇത്തരം രോഗികള്‍ക്കു ജില്ലയില്‍ എവിടേയും കിടത്തി ചികിത്സക്കു സൗകര്യങ്ങളില്ല. മഞ്ചേരി ചെരണിയില്‍ ടി.ബി രോഗികള്‍ക്കു പ്രത്യേക ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെയും ആവശ്യത്തിനു സൗകര്യങ്ങളില്ല.
Post Your Comments