Kerala

ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറണമെന്ന് വയനാട് കളക്ടര്‍

വയനാട്: ക്ഷയരോഗം പൂര്‍ണമായി ചികില്‍സിച്ച് ഭേദപ്പെടുത്താന്‍ കഴിയുമെന്നും ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറണമെന്നും ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കല്‍പ്പറ്റ എസ്‌കെഎംജെ ജൂബിലി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷയരോഗം ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യംവച്ച് നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വയനാട്ടില്‍ ഏകദേശം 649 പേര്‍ക്ക് ക്ഷയരോഗബാധയുണ്ടെന്നാണ് കണക്ക്. ഇതില്‍ 265ഓളം പേര്‍ ആദിവാസി വിഭാഗത്തില്‍നിന്നാണ്. ബോധവല്‍ക്കരണത്തിലൂടെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്നതാണ് ക്ഷയരോഗം. രോഗികള്‍ നേരിടുന്ന അവഗണനയ്‌ക്കെതിരേ എല്ലാ തലങ്ങളിലും വ്യാപക ബോധവല്‍ക്കരണം വേണം. ഇതിനു കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജഗദീശന്‍ ദിനാചരണ സന്ദേശം നല്‍കി. സംസ്ഥാന ടിബി ഓഫിസര്‍ ഡോ. സുനില്‍കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ഡബ്ല്യുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ഡോ. രാഗേഷ് തൂവാലവിപ്ലവ സന്ദേശം നല്‍കി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിക്ഷയ് പുരസ്‌കാര്‍ അവാര്‍ഡ് വിതരണവും ക്ഷയരോഗവിരുദ്ധ വാരാചരണവും മല്‍സരവിജയികള്‍ക്കുള്ള സമ്മാനദാനവും ഡെപ്യൂട്ടി ഡിഎംഒ ഡോ. നൂനമര്‍ജ നിര്‍വഹിച്ചു. ആര്‍സിഎച്ച് ഓഫിസര്‍ ഡോ. പി ദിനീഷ്, ‘ശ്വാസ്’ സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. മനു, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പി വാണിദാസ്, ജില്ലാ ലേബര്‍ ഓഫിസര്‍ സന്തോഷ്, സ്‌റ്റേറ്റ് ടിബി സെല്‍ മെഡിക്കല്‍ ഓഫിസര്‍ ദീപു സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക സ്വാഗതവും ജില്ലാ ടിബി ഓഫിസര്‍ ഡോ. സി ഷുബിന്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി കല്‍പ്പറ്റ ചുങ്കം ജങ്ഷന്‍ മുതല്‍ എസ്‌കെഎംജെ സ്‌കൂള്‍ വരെ ക്ഷയരോഗദിന സന്ദേശം വിളംബരം ചെയ്ത് റാലി നടത്തി. ആശാവര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, കോളജ്-നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അണിനിരന്നു. ആദിവാസി വിഭാഗത്തിന്റെ ജീവിതരീതികളും ആചാരാനുഷ്ഠാനങ്ങളും അനാവരണം ചെയ്യുന്ന ചിത്രപ്രദര്‍ശനവും കലാപരിപാടികളുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button