500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ തീരുമാനം കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കും. ഉത്തര്‍പ്രദേശിലെ ദളിത് വോട്ടുകളെ കാലങ്ങളായി നേതാക്കള്‍ നിയന്ത്രിച്ചിരുന്നത് നോട്ടുകെട്ടുകളുടെ ബലത്തിലാണ്.
കേന്ദ്രത്തിന്റെ ഈ തീരുമാനം രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. മുലായം സിങ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ ബി.എസ്പിയുമാകും ഇതിന്റെ വലിയ തിരിച്ചടി നേരിടുക. ദളിത്, പിന്നാക്ക വോട്ടുകളെ ആശ്രയിക്കുന്ന ഈ രണ്ട് കക്ഷികള്‍ക്കും പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന പതിവ് തന്ത്രം ഇക്കുറി പയറ്റാനാവില്ല. ഇന്ത്യയില്‍ കള്ളപ്പണമൊഴുകുന്ന മറ്റൊരു മേഖല കൂടിയാണ് തിരഞ്ഞെടുപ്പ് രംഗം. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പുരിലും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശേഖരിച്ച ശതകോടികളുടെ നോട്ടുകെട്ടുകളാണ് പുതിയ തീരുമാനത്തോടെ വെറും കടലാസ്സുകെട്ടുകളായത്.
രാഷ്ട്രീയപാർടികൾക്ക് ഈ പണത്തില്‍ സിംഹഭാഗവും വെളുപ്പിച്ചെടുക്കാന്‍ സാധിച്ചേക്കില്ല. ഇതേതുടർന്ന് പണം ഉപയോഗശൂന്യമായി മാറുകയും ചെയ്യും. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളില്‍ മാറ്റംവരുത്തേണ്ടിവരുമെന്നതാണ് മറ്റൊരു പ്രത്യേകത. പണം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുക ഇനിയത്ര എളുപ്പമാകില്ല. ആശയങ്ങളിലൂന്നിയുള്ള പ്രചാരണത്തിലേക്ക് രാഷ്ട്രീയ കക്ഷികള്‍ക്ക് പിന്മാറേണ്ടിവരും. പണത്തെ ആശ്രയിക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഈ തീരുമാനം വലിയൊരു തിരിച്ചടിയായി മാറും.
Post Your Comments