ലക്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ യോഗിയുടെയും ബിജെപിയുടെയും കുതിപ്പിന് തടയിടാനുള്ള തന്ത്രങ്ങളുമായി ബിഎസ്പി. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം അത്ഭുതാവഹമായ രീതിയില്‍ വര്‍ധിക്കുന്നതാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തലവേദനയാകുന്നത്. ഈ സാഹചര്യത്തില്‍ 2007ല്‍ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടി എടുക്കാനൊരുങ്ങുകയാണ് ബിഎസ്പിയുടെ മായാവതി.
ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ജാതി സമവാക്യങ്ങള്‍ക്ക് എല്ലാക്കാലവും വലിയ പ്രധാന്യമാണുള്ളത്. യുപിയിലെ രാഷ്ട്രീത്തില്‍ ബ്രാഹ്മണര്‍ക്ക് വലിയ സ്വാധീനമുണ്ട്. 2007ലെ തെരഞ്ഞെടുപ്പില്‍ ബ്രാഹ്മണരെ മുന്നില്‍ നിര്‍ത്തി ബിഎസ്പി പ്രയോഗിച്ച തന്ത്രം ഫലം കണ്ടിരുന്നു. അന്ന് വന്‍ ഭൂരിപക്ഷത്തിലാണ് മായാവതി സര്‍ക്കാര്‍ അധികാരത്തിലേറിയത്.
14 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഇതേ തന്ത്രം ബിജെപിയ്‌ക്കെതിരെ പയറ്റാനൊരുങ്ങുകയാണ് മായാവതി. ഒരു വാര്‍ത്താ ഏജന്‍സിയുമായുള്ള സംഭാഷണത്തിനിടെ മായാവതി ബ്രാഹ്മണരുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയിരുന്നു. ഇതോടെയാണ് വരുന്ന തെരഞ്ഞെടുപ്പിലും ബിഎസ്പി ബ്രാഹ്മണ സമൂഹത്തെ മുന്നില്‍ നിര്‍ത്തുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
ബ്രാഹ്മണ സമൂഹത്തെ ആകര്‍ഷിക്കാന്‍ ജൂലൈ 23ന് അയോദ്ധ്യയില്‍ ‘ബ്രാഹ്മണ ജോഡോ അഭിയാന്‍’ എന്ന പ്രചാരണത്തിന് ബിഎസ്പി തുടക്കം കുറിക്കാനൊരുങ്ങുകയാണ്. ഇത് ഏറ്റുപിടിച്ച് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയുമെല്ലാം സമാനമായ പ്രചാരണ തന്ത്രങ്ങള്‍ പ്രയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയ പ്രതിപക്ഷത്തെ സംബന്ധിച്ച് യുപി നിയമസഭ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.
Post Your Comments