തിരുവനന്തപുരം● വൃക്കകളുടെ പ്രവര്‍ത്തനം നഷ്ടപ്പെട്ട് ജീവിതത്തോട് മല്ലടിച്ചിരുന്ന ഒരു കുടുംബത്തിന് കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനി പുതുജീവിതം നല്‍കി. ആറ്റിങ്ങല്‍ മാമം കിഴുവില്ലം മേവര്‍ത്തുവിള വീട്ടില്‍ സുനില്‍ കുമാര്‍, ലത ദമ്പതികളുടെ മക്കളായ സുബിന്‍ലാല്‍ (18), സുധിന്‍ലാല്‍ (14) എന്നിവര്‍ക്കാണ് മൃതസഞ്ജീവനി വഴി വൃക്കകള്‍ മാറ്റി വച്ചത്. ലതയുടെ അമ്മയുടെ അനുജത്തിയുടെ മകളായ സുകുമാരിയുടേയും ജയകുമാറിന്റേയും 22 വയസായ മകള്‍ അഞ്ജുവും ഗുരുതരമായ വൃക്ക രോഗത്തിന്റെ പിടിയിലാണ്. ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുന്ന അഞ്ജുവും മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് വൃക്ക മാറ്റിവയ്ക്കാനായി കാത്തിരിക്കുകയാണ്.
ആരിലും കരളലിയിപ്പിക്കുന്ന ജീവിത കഥയാണ് ഇവര്‍ക്ക് പറയാനുള്ളത്. ലതയുടെ രണ്ട് സഹോദരന്‍മാര്‍ വൃക്കരോഗം വന്ന് ചെറുപ്പത്തിലേ മരിച്ചിരുന്നു. കൂലിപ്പണിക്കാരനായ സുനില്‍കുമാര്‍ വളരെ കഷ്ടിച്ച് ജീവിതം തള്ളി നീക്കുന്ന സമയത്താണ് മൂത്ത മകനായ സുബിന്‍ലാലിന് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കൈകാല്‍ കഴപ്പ്, മുഖത്ത് നീര്, കണ്ണില്‍ തടിപ്പ്, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ പനി തുടങ്ങിയത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ ചികിത്സ തേടി. രക്തപരിശോധനയില്‍ സുബിന്‍ലാലിന്റെ വൃക്കകള്‍ക്ക് പ്രശ്‌നമുള്ളതായി കണ്ടെത്തി. ഉടന്‍ തന്നെ സുബിന്‍ലാലിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്കകള്‍ക്ക് കാര്യമായ തകരാറ് സംഭവിച്ചതിനാല്‍ കുട്ടികള്‍ക്കുള്ള ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തി. പിന്നീട് ഫിസ്റ്റുല ചെയ്തശേഷം നാലര വര്‍ഷത്തോളം ഡയാലിസിസ് തുടര്‍ന്നു. അവസാനം വൃക്ക മാറ്റി വയ്ക്കാനായി മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തു. അനുയോജ്യമായ വൃക്ക ഒത്തുവന്നപ്പോള്‍ 2015 ജനുവരി ആറിന് സുബിന്‍ലാലിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജില്‍ നടത്തി. ജീവിതത്തിലേക്ക് തിരിച്ചു വന്ന സുബിന്‍ലാല്‍ നഷ്ടപ്പെട്ട പഠിത്തം വിണ്ടെടുത്ത് ഇപ്പോള്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയെടുത്തു.
രണ്ടാമത്തെ മകനായ സുധിന്‍ലാലിന് വൃക്ക രോഗത്തിന്റെ ലക്ഷണമൊന്നു മില്ലായിരുന്നുവെങ്കിലും പാരമ്പര്യമായി വൃക്കരോഗമുള്ളതിനാല്‍ പതിനൊന്നാം വയസില്‍ രക്തം പരിശോധിച്ചു. അപ്പോഴാണ് സുധിന്‍ലാലും വൃക്ക രോഗത്തിന്റെ പിടിയിലാണെന്ന് മനസിലായത്. ആവശ്യമായ ചികിത്സകള്‍ നല്‍കിയെങ്കിലും വൃക്കകള്‍ക്ക് കാര്യമായ തകരാറ് സംഭവിച്ചതിനാല്‍ സുധിന്‍ലാലിനും ഡയാലിസിസ് തുടങ്ങി. തുടര്‍ന്ന് മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തു. അനുയോജ്യമായ വൃക്ക ഒത്തുവന്നപ്പോള്‍ 2016 ഓഗസ്റ്റ് പത്താം തീയതി സുധിന്‍ലാലിനും മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റി വച്ചു. ഇതിനിടയ്ക്കാണ് ലതയുടെ സഹോദരിയുടെ മകളായ അഞ്ജുവിനെ വൃക്ക രോഗം പിടികൂടിയത്. പനി, ഛര്‍ദ്ദി, നീര് എന്നിവയായിരുന്നു ലക്ഷണങ്ങള്‍. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതോടെ 2014 മുതല്‍ അഞ്ജുവിന് ഡയാലിസിസ് തുടങ്ങി. മൃതസഞ്ജീവനിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഈ കുടുംബം.
അഞ്ജുവിന്റെ അച്ഛന്‍ ജയകുമാറിന് കൂലിപ്പണിയാണ് ജോലി. അമ്മ സുകുമാരിക്ക് വാതം വന്ന് കൈകള്‍ക്ക് സ്വാധീനക്കുറവുണ്ട്. ഈ അമ്മയാണ് പ്രായപൂര്‍ത്തിയായ മകളേയും കൊണ്ട് ചികിത്സയ്ക്കായി ഓടുന്നത്.
രണ്ട് സെന്റ് വീതമുള്ള പണിതീരാത്ത വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. ഇപ്പോള്‍ ചികിത്സയ്ക്ക് വേണ്ടി മെഡിക്കല്‍ കോളേജിന് സമീപം വാടക വീട്ടിലാണ് താമസം. മൃതസഞ്ജീവനിയും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരേയും തങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. തങ്ങളെപ്പോലെയുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ അവയവം മാറ്റിവയ്ക്കുന്നത് ചിന്തിക്കാന്‍ പോലും ആകില്ല.
മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ഡോ. വേണുഗോപാല്‍, ഡോ. ജേക്കബ് ജോര്‍ജ്, ഡോ. സൂസന്‍ ഉതുപ്പ് തുടങ്ങി എസ്.എ.ടി.യിലേയും, മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് അവര്‍ പ്രത്യേകം നന്ദി പറഞ്ഞു. മരുന്നുകള്‍ക്ക് പോലും പണമില്ലാതെ സങ്കടത്തോടെ ചെന്ന പല സന്ദര്‍ഭങ്ങളിലും ഈ ഡോക്ടര്‍മാര്‍ കാട്ടിയ നല്ല മനസ് അവര്‍ നിറ കണ്ണുകളോടെയോര്‍ത്തു.
Post Your Comments