ദുബായ്: മസ്തിഷ്ക മരണം സംഭവിച്ച ആറുവയസ്സുകാരി ദേവി ശ്രീയുടെ അവയവങ്ങള്‍ പുതുജീവൻ നൽകിയത് മൂന്ന് പേർക്ക്. ആറാം ജന്മദിനത്തിന്‍റെ അന്ന് അസുഖം മൂര്‍ച്ഛിച്ച് അബുദാബിയില്‍ വച്ചായിരുന്നു കീര്‍ത്തിയുടെയും അരുണിന്‍റെയും മകളായ ദേവിശ്രീ മരിച്ചത്. ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സെന്‍ററില്‍ എത്തിച്ചെങ്കിലും അവിടെവച്ച് ദേവി ശ്രീ മരിക്കുകയായിരുന്നു. ഇതോടെ അവയവദാനം നടത്താൻ ആ അച്ഛനും അമ്മയും സമ്മതിക്കുകയായിരുന്നു.
റാസല്‍ ഖൈമയില്‍ ഡോക്ടറായ കോഴഞ്ചേരി മലയാറ്റ് ദീപക് ജോണ്‍ ജേക്കബിന്‍റെയും കോട്ടയം ഈരക്കടവ് മാടവന വീട്ടില്‍ ഡോ ജിവ്യ സേറ എബ്രഹാമിന്‍റെയും മകനായ ഏഴുവയസ്സുകാരന്‍ ആദമിനാണ് ദേവിശ്രീയുടെ വൃക്ക നല്‍കിയത്. ഒമ്പതാം മാസം മുതല്‍ വൃക്ക രോഗ ബാധിതനായിരുന്നു ആദം. ആദമിനെയും കുടുംബത്തെയും കഴിഞ്ഞദിവസം ദുബായ് മുഹമ്മദ് ബിൻ റാഷിദ് യൂണിവഴ്സിറ്റിയിൽ വച്ച് കണ്ടപ്പോൾ മകളുടെ തുടിപ്പുകൾ കീർത്തി അറിഞ്ഞു. “എനിക്ക് അറിയാം എന്റെ ശരീരത്തിൽ ഒരു കുഞ്ഞുവാവയുണ്ടെന്ന്. അത് ദേവിശ്രീയുടെ കിഡ്നിയാണ്”” എന്നാണ് ആദം കീർത്തിയോട് പറഞ്ഞത്. ഇത് കേട്ടപ്പോള്‍ ഒരേസമയം സന്തോഷവും സങ്കടവും വന്നു കീര്‍ത്തിക്ക്. ആദമിനെ കൂടാതെ അബുദാബിയിലെ തന്നെ ഒരു കുട്ടിക്കും മുതിര്‍ന്ന ഒരാള്‍ക്കും വൃക്കയും കരളും നല്‍കിയിരുന്നു. ഇതില്‍ ആദമിനെ മാത്രമാണ് കീര്‍ത്തിയും അരുണും കണ്ടത്.
Post Your Comments