ന്യൂഡല്‍ഹി: ഡീസല്‍ വാഹന നിരോധനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനു കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉറപ്പുനല്‍കിയത്. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡീസല്‍ വാഹനനിരോധനം കേരളത്തില്‍ പ്രായോഗികമല്ലെന്ന ആശങ്ക ശശീന്ദന് ഗഡ്കരിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചതായി ശശീന്ദ്രന് മാധ്യമങ്ങളെ അറിയിച്ചു.
കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അങ്ങേയറ്റം സഹകരണ മനോഭാവമാണ് പ്രകടിപ്പിച്ചത്. സി.എന്‍.ജി ഉള്‍പ്പെടെയുള്ള മറ്റു മാര്‍ഗങ്ങള്‍ കാലതാമസമില്ലാതെ കേരളം നടപ്പാക്കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോടതിവിധിക്കെതിരെയല്ല സംസ്ഥാനം നീങ്ങുന്നത്. മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതുവരെ നടപടിക്രമങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്കു ദേശീയ ഹരിത ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഹൈക്കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തിരുന്നു. 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയ വിധിക്കെതിരെ കെ.എസ്.ആര്.ടി.സിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കണക്കുകളും രേഖകളും പരിശോധിക്കാതെ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കപ്പെടേണ്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Post Your Comments