Latest NewsKeralaNews

ശുചിത്വ മേഖലയിലെ ഇടപെടലിന് അംഗീകാരം: കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: ശുചിത്വ രംഗത്തെ കേരളത്തിന്റെ ഇടപെടലിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം. മാലിന്യസംസ്‌കരണ രംഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയെന്ന് ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി. ഒരു രൂപ പോലും കേരളത്തിന് പിഴ ചുമത്തിയില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് ആയിരക്കണക്കിന് കോടി രൂപ പിഴ ചുമത്തിയ സ്ഥാനത്താണിത്. സംസ്ഥാന സർക്കാരിന്റെ ശുചിത്വ രംഗത്തെ സജീവമായ ഇടപെടലിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Read Also: മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി

ശുചിത്വമുള്ളതും സുന്ദരവുമായ കേരളം സൃഷ്ടിക്കാൻ ഈ അംഗീകാരം പ്രോത്സാഹനമേകും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് സംസ്ഥാനമെങ്ങും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യസംസ്‌കരണ സംവിധാനങ്ങളൊരുക്കും. 2026 ഓടെ സമ്പൂർണ ശുചിത്വ കേരളം സാധ്യമാക്കാനുള്ള സജീവ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആയിരക്കണക്കിന് കോടി രൂപയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്തിഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയത്. പഞ്ചാബിന് 2080 കോടിയും ഡൽഹിക്ക് 900 കോടിയും കർണാടകയ്ക്ക്2900 കോടിയും രാജസ്ഥാന് 3000 കോടിയും പിഴ ചുമത്തിയിരുന്നു. പശ്ചിമ ബംഗാളിന് 3500 കോടിയും തെലങ്കാനയ്ക്ക് 3800 കോടിയുമായിരുന്നു പിഴ ചുമത്തിയത്. കേരളത്തിന് ഒരു രൂപ പോലും പിഴ ചുമത്തിയില്ല എന്നത് ഇതിനാലാണ് ശ്രദ്ധേയമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖര-ദ്രവ മാലിന്യ പ്രശ്നം പരിഹരിക്കാൻ കേരളം നടത്തുന്ന ഇടപെടലുകൾ ഹരിത ട്രിബ്യൂണൽ വിധി പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇതിനായി കേരളം ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനുള്ള ഇടപെടലിനെക്കുറിച്ചും പരാമർശമുണ്ട്. സമയബന്ധിതമായി മാലിന്യ സംസ്‌കരണപദ്ധതികൾ പൂർത്തിയാക്കണമെന്ന് ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ചു. ഇക്കാര്യം കേരളം അംഗീകരിച്ചു. ദ്രവമാലിന്യം കൈകാര്യം ചെയ്യാൻ കേരളം 2343.18 കോടിയുടെ പദ്ധതികൾ ഇതിനകം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഗ്യാപ് ഫണ്ടായി 84.628 കോടിയും നീക്കിവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഹരിത ട്രിബ്യൂണലിന്റെ നിർണ്ണായക വിധി.

Read Also: ക്ഷേത്രങ്ങളിലെ സർക്കാർ ഭരണത്തിനെതിരെ നിയമ നടപടിക്കും കോടതി അലക്ഷ്യ നടപടിക്കും ഡോ സുബ്രഹ്മണ്യൻ സ്വാമി

shortlink

Related Articles

Post Your Comments

Related Articles


Back to top button