തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന തുകകളും കേരളം മുൻകൂറായി നൽകുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ് രണ്ടാം പിണറായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.
Read Also: ഡിവൈഡറിൽ തട്ടി കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇന്ധന ടാങ്കർ ഇടിച്ച് കയറി: തീപിടിച്ച് നാല് മരണം
ഓണക്കാലത്തുമാത്രം 18,000 കോടി രൂപയാണ് ഖജനാവിൽ നിന്ന് ജനങ്ങളിലേക്ക് എത്തിയത്. തുടർന്നും അവശ്യച്ചെലവുകളെല്ലാം നിറവേറ്റുന്നു. ട്രഷറി പ്രവർത്തനം സ്തംഭിച്ചിട്ടില്ല. ബില്ലുകൾ മുൻഗണനാ ക്രമത്തിൽ മാറിനൽകുന്നു. രണ്ടു മാസത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് 2223 കോടി രൂപ നൽകി. റബർ കർഷക സബ്സിഡി, നാളികേര സംഭരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെല്ലാം സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. നെല്ല് സംഭരണത്തിനായി 700 കോടിയിൽപ്പരം രൂപയാണ് സപ്ലൈകോയ്ക്ക് ലഭ്യമാക്കിയത്. കൃത്യമായ സംഭരണത്തിന് ക്രമീകരണങ്ങളുമായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവയ്ക്കുന്ന തുകകളും സംസ്ഥാനം മുൻകൂറായി നൽകുകയാണ്. ദേശീയ ആരോഗ്യമിഷന് അമ്പതു കോടി നൽകി. കാരുണ്യ ബെനവലന്റ് സ്‌കീമിന് 60 കോടി അനുവദിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുതും വലുതുമായ പല പദ്ധതികൾക്കും കഴിഞ്ഞ മാസങ്ങളിൽ ധനാനുമതി നൽകി. കെഎസ്ആർടിസിക്ക് ഈ ആഴ്ചയിൽ അനുവദിച്ചത് 100 കോടിയാണ്. രണ്ടരവർഷത്തിൽ ആകെ സഹായം 4833 കോടിയായി. ക്ഷേമ പെൻഷനായി ഈ സർക്കാർ ഇതുവരെ വകയിരുത്തിയത് 23,350 കോടി രൂപയാണ്. ഒരു മാസത്തെ ക്ഷേമ പെൻഷനായി 900 കോടിയും ഈ മാസം നീക്കിവച്ചു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ അഞ്ചുവർഷത്തിൽ നൽകിയത് 9011 കോടി രൂപ. ഒന്നാം പിണറായി സർക്കാർ അഞ്ചുവർഷത്തിൽ 35,145 കോടിയും നൽകി. പരമ്പരാഗത മേഖലയിലെ ഇൻകം സപ്പോർട്ട് സ്‌കീമിന് 183 കോടിയും ഖാദിക്ക് 181 കോടിയും കയറിന് 343 കോടിയും കശുവണ്ടിക്ക് 190 കോടിയും കരകൗശലത്തിന് പത്തുകോടിയും നൽകി. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് വേതനം നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയും കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ വലിയ വെട്ടിക്കുറവ് വരുത്തുകയും ചെയ്യുന്നു. വിഴിഞ്ഞം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സർക്കാർ ഗ്യാരന്റി നൽകി വായ്പയെടുത്ത് പൂർത്തീകരിക്കാനും അനുവദിക്കുന്നില്ല. 2017 മുതൽ പൊതുകണക്കിന്റെയും ബജറ്റിനുപുറത്തുള്ള കടത്തിന്റെയുമൊക്കെ പേരുപറഞ്ഞ് 1.07 ലക്ഷം കോടിയുടെ കടമെടുപ്പ് അവകാശമാണ് നിഷേധിച്ചത്. ഇത് സംസ്ഥാനത്തിന്റെ ഉത്തമ താൽപ്പര്യങ്ങൾക്ക് എതിരാണ്. നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളീയർ എന്ന നിലയിൽ ഒന്നിച്ചുനിൽക്കാനാകണമെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
Post Your Comments