Latest NewsKerala

അമിതമായ ന്യൂനപക്ഷപ്രീണന നയം തിരിച്ചടിയായെന്ന് നേതാക്കൾ; വയനാട് ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിന് വിമർശനം

സുൽത്താൻബത്തേരി: പാർട്ടിക്ക് തിരിച്ചടിയായത് അമിതമായ ന്യൂനപക്ഷപ്രീണനനയമെന്ന് സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. അമിതമായ ന്യൂനപക്ഷ പ്രീണനം കാരണം ഭൂരിപക്ഷ മതസ്ഥർ പാർട്ടിയിൽനിന്നും അകന്നെന്നായിരുന്നു പ്രതിനിധികളുടെ വിമർശനം. ഇത് തെരഞ്ഞെടുപ്പിൽ വോട്ട് കുറയാൻ കാരണമായെന്നും പ്രതിനിധികൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനുള്ള നടപടികൾ പാർട്ടിയും സർക്കാരും കൈക്കൊണ്ടതോടെ മറ്റു ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായങ്ങളും പാർട്ടിയോട് അകന്നു എന്നായിരുന്നു പല പ്രതിനിധികളും അഭിപ്രായപ്പെട്ടത്.

പാർട്ടിയുടെ സ്ഥിരംവോട്ടുകളിൽ കുറവുണ്ടാകാൻ ഇടയായത് ന്യൂനപക്ഷ പ്രീണനമാണെന്നായിരുന്നു സമ്മേളനത്തിൽ പ്രധാനമായും ഉയർന്ന വിമർശനം. ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും ഒരേരീതിയിൽ കൊണ്ടുപോകണമെന്നും അല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നും ചർച്ചയ്ക്കുള്ള മറുപടിയിൽ കേന്ദ്രകമ്മിറ്റിയംഗം പറഞ്ഞു. പുനരധിവാസ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ കാര്യമായ വിമർശനമുണ്ടായിരുന്നില്ല.

കേന്ദ്രത്തിന്റെ നിലപാടും വിമർശിക്കപ്പെട്ടു. പാർട്ടിയുടെ നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർക്ക് പണം തിരികെനൽകാത്തത് തിരിച്ചടിയായെന്നും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിഷയം ബാധിച്ചേക്കാമെന്ന വിലയിരുത്തലുമുണ്ടായി. ബത്തേരി അർബൻ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിട്ടുവന്നവരെയും മറ്റുംകൂട്ടി മത്സരിച്ച് പരാജയപ്പെട്ടതും ചർച്ചയായി.

ബത്തേരിയിൽ നടക്കുന്ന ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. ബഹുജനറാലിയും തുടർന്ന് പൊതുസമ്മേളനവും ഇന്നു നടക്കും. കാൽ ലക്ഷത്തോളം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button