കൊച്ചി : അഖിലേന്ത്യ മെഡിക്കല്‍ പരീക്ഷയെഴുതാന്‍ മതാചാരപ്രകാരമുള്ള വേഷത്തിലെത്തുന്നവര്‍ നിശ്ചിതസമയത്ത് ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷയ്ക്കായി ഹാജരാകേണ്ടി വരും.
പരിശോധനയ്ക്ക് ഹാജരാകേണ്ട സമയം വ്യക്തമാക്കി സി.ബി.എസ്.ഇ പുറത്തിറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.എന്‍.രവീന്ദ്രന്, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ശിരോവസ്ത്രവും, നീളന്‍ വസ്ത്രവും ധരിച്ചെത്തുന്ന മുസ്ലിം പെണ്‍കുട്ടികളെ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇങ്ങനെ മതാചാരപ്രകാരമുള്ള വേഷത്തിലെത്തുന്നവര്‍ പരിശോധനകള്‍ക്കായി അരമണിക്കൂര്‍ മുമ്പായി പരീക്ഷാ കേന്ദ്രത്തിലെത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഈ നിര്‍ദേശമാണ് സി.ബി.എസ്.ഇ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഒരു മണിക്കൂറാക്കിയത്.
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഡ്രസ്സ് കോഡ് നിശ്ചയിച്ച സി.ബി.എസ്.ഇയുടെ നടപടിയ്ക്കെതിരെ തൃശൂര്‍ പാവറട്ടി സ്വദേശിനി അംനബിന്ദ് ബഷീര്‍ നല്കിയുള്പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ശിരോവസ്ത്രം ധരിച്ചെത്തിയ കുട്ടികള്‍ക്ക് മുമ്പ് പരീക്ഷാ ഹാളില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചത് വന്‍ വിവാദമായിരുന്നു.
Post Your Comments