ഭോപ്പാൽ: ഫേസ്‌ബുക്ക് വഴിയുള്ള സൗഹൃദം പ്രണയമാവുകയും ഒന്നിച്ച് ജീവിക്കാൻ കുടുംബം വരെ ഉപേക്ഷിക്കുകയും ചെയ്ത രണ്ട് യുവതികളുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഇരുന്നു കൊണ്ട് മധ്യപ്രദേശിലെ ഭോപ്പാലിലെ കാമുകിയുമായി യുവതി നാളുകളായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാമെന്ന് ഇരുവരും തീരുമാനമെടുക്കുകയും ശേഷം വിവാഹിതരാവുകയുമായിരുന്നു.
രണ്ട് പേരും നേരത്തെ വിവാഹം കഴിച്ചവർ ആണ്. ഈ ബന്ധത്തിൽ ഇവർക്ക് കുട്ടികളുമുണ്ട്. ഭർത്താക്കന്മാരേയും കുട്ടികളെയും ഉപേക്ഷിച്ചാണ് യുവതികൾ വീട് വിട്ടിറങ്ങി വിവാഹിതരായത്. ഒരു മാസത്തെ പരിചയത്തിനൊടുവിലാണ് യുവതികൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസമാണ് ഇവർ ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ടത്. സൗഹൃദം പ്രണയമായി മാറി. ഷിംലക്കാരിയായ യുവതി തന്റെ കാമുകിയെ കാണാൻ ഭോപ്പാലിൽ എത്തി. ഇരുവരും ഗാസിയാബാദിൽ വച്ച് വിവാഹിതരാകുകയും ചെയ്തു.
ഷിംല സ്വദേശിനിയായ യുവതിക്ക് രണ്ട് കുട്ടികളുണ്ട്. ഭോപ്പാലിലുള്ള യുവതിക്ക് ഒരു ആൺകുട്ടിയാണ് ഉള്ളത്. ഇവരെ കാണാതായതോടെ, ബന്ധുക്കളും ചില സംഘടനകളും പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ യുവതി ഭോപ്പാലിലെ നിഷാത്പുരയിൽ താമസിക്കുന്നതായി വിവരം ലഭിച്ചു. ഷിംല പോലീസിനൊപ്പം യുവതിയുടെ ഭർത്താവും അന്വേഷിച്ചെത്തി. ഇവരെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ശേഷം ഇവരെ കൗൺസിലിംഗിന് വിധേയരാക്കി. ഭോപ്പാലിലെ ഗോവിന്ദ്പുര പോലീസ് സ്‌റ്റേഷനിലെ ഊർജ ഡെസ്‌കിലെ ഉദ്യോഗസ്ഥരാണ് രണ്ട് സ്ത്രീകളെയും കൗൺസിലിംഗ് ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്നും ഒരുമിച്ച് താമസിക്കുന്നതെന്നും യുവതികൾ വ്യക്തമാക്കി. 45 ദിവസമായി ഒരുമിച്ചാണ് താമസമെന്നും ഇവർ പറഞ്ഞു. വിശദമായ കൗൺസിലിംഗിനൊടുവിൽ രണ്ട് സ്ത്രീകളും പ്രായപൂർത്തിയായവരാണെന്നും അവരുടെ മേൽ സമ്മർദ്ദമില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വിനീത് കപൂർ വ്യക്തമാക്കി.
‘അവർ ഫേസ്‌ബുക്ക് വഴിയാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് പേർക്കും കൗൺസിലിംഗ് നടത്തി. ഷിംലയിൽ നിന്നുള്ള യുവതി കൗൺസിലിംഗിന് ശേഷം ഭർത്താവിനൊപ്പം ജീവിക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്. ആരും ഒരു കുറ്റവും ചെയ്തിട്ടില്ല, അതിനാൽ ഭോപ്പാൽ സ്വദേശിനിയായ സ്ത്രീക്കെതിരെ ഒരു കേസും ഫയൽ ചെയ്യേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു’, അദ്ദേഹം പറഞ്ഞു.
Post Your Comments